മദ്യ ലഹരിയില്‍ ദമ്പതികള്‍ തമ്മില്‍ തര്‍ക്കം; ഭര്‍ത്താവിനെ മൂന്ന് തവണ വെടിവച്ചിട്ടും വിടാതെ ഭാര്യയുടെ ആക്രമണം


മദ്യലഹരിയിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഭാര്യ ഭര്‍ത്താവിനെ വെടിവെച്ചു വീഴ്ത്തി. ബെംഗളൂരു നഗരത്തിലാണ് സിനിമ രംഗങ്ങളെ വെല്ലുന്ന ചേസിങ്ങും വെടിവെയ്പും അരങ്ങേറിയത്. മൂന്നു തവണ വെടിയേറ്റിട്ടും ജീവന്‍ രക്ഷിക്കാന്‍ തോക്കിന്‍ മുനയില്‍നിന്ന് ഓടിയ ഭര്‍ത്താവിനെ ഭാര്യ പിന്തുടര്‍ന്ന് പിന്നെയും ആക്രമിച്ചു.
ശരീരത്തില്‍ മൂന്നു വെടിയുണ്ടകള്‍ തുളച്ചുകയറിയ ഭര്‍ത്താവ് അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.


48 കാരിയായ ഹസ്മയാണ് തന്റെ ഭര്‍ത്താവിനെ വെടിവെച്ചു കൊല്ലാന്‍ ശ്രമിച്ചത്. ഹൊസൂരിലേക്കുള്ള യാത്രകഴിഞ്ഞ് തിരികെ തങ്ങളുടെ ഫോര്‍ച്യൂണര്‍ കാറില്‍ നഗരത്തിലേക്ക് മടങ്ങവേയാണ് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും വെടിവെയ്പില്‍ കലാശിച്ച സംഭവങ്ങളുണ്ടായതും. ബെംഗളുരു നഗരത്തിന് സമീപമുള്ള അനെകാലില്‍ വച്ച് ഭക്ഷണം കഴിച്ചതിന് ശേഷം ഇരുവരും മദ്യപിക്കുകയും തുടര്‍ന്ന് യാത്രക്കിടെ ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടാകുകയുമായിരുന്നു.


ബെംഗളൂരു നഗരത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് തന്നെ ഇരുവരും തമ്മില്‍ തര്‍ക്കം രൂക്ഷമായി. തുടര്‍ന്ന് ഹസ്മ തന്റെ ഭര്‍ത്താവ് സായിറാമിന് നേര്‍ക്ക് കൈവശമുണ്ടായിരുന്ന തോക്കെടുത്ത് നിറയൊഴിക്കുകയായിരുന്നു. അടിവയറ്റില്‍ മൂന്നു തവണ വെടിയേറ്റിട്ടും കാറില്‍ നിന്ന് ചാടിയിറങ്ങി പ്രാണരക്ഷാര്‍ഥം സായിറാം ഓടി. കാറില്‍ നിന്ന് ഇറങ്ങിയോടിയ സായിറാം പിന്നാലെ എത്തിയ ബെംഗളൂരു മെട്രോപൊളീറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ ചാടിക്കയറി രക്ഷപെടാന്‍ ശ്രമിച്ചു. എന്നാല്‍ കാറില്‍ പിന്തുടര്‍ന്നെത്തിയ ഹസ്മ ബസിനെ മറികടന്ന് കുറുകെ വാഹനം ഇട്ട് ബസ് തടയുകയും ബസിനുള്ളില്‍ കയറി സായിറാമിനെ വീണ്ടും ആക്രമിക്കാന്‍ ഒരുങ്ങി. സംഘര്‍ഷത്തിലിട പെട്ട ബസ്സിലെ മറ്റ് യാത്രക്കാരാണ് ഹസ്മയ തടഞ്ഞ് സായിറാമിനെ മര്‍ദിക്കുന്നത് തടഞ്ഞത്.

സായിറാമിനെ മറ്റ് യാത്രക്കാര്‍ ഇടപെട്ടാണ് പോലിസിനെ വിളിച്ചവരുത്തി ആശുപത്രിയിലെത്തിച്ചത്. ബെംഗളൂരുവില്‍ സെക്യൂരിറ്റി എജന്‍സി നടത്തുകയാണ് ഹസ്മയും സായിറാമും. ഹസ്മ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. കൊലപാതക ശ്രമത്തിന് ഹസ്മയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഹംസയും സായിറാമും തമ്മില്‍ നീണ്ടകാലമായി പ്രശ്‌നങ്ങളുണ്ടെന്നും ഒന്നിച്ചല്ല താമസമെന്നും ബന്ധുക്കള്‍ പറഞ്ഞു.



Sharing is Caring