ബ്രസീലിനെതിരെ സൗഹൃദ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് വിജയം. എതിരില്ലാത്ത ഒരു ഗോളിനാണ് അര്‍ജന്റീന ബ്രസീലിനെ തകര്‍ത്തത്. അര്‍ജന്റീനയ്ക്കായി മെര്‍ക്കാഡോ ആണ് വിജയ ഗോള്‍ നേടിയത്. ഇതോടെ പരിശീലകനായതിന് ശേഷം നടന്ന ആദ്യ മത്സരത്തില്‍ വിജയം നേടാന്‍ അര്‍ജന്റീനന്‍ കോച്ച് ജോര്‍ജ് സാംപോളിയ്ക്ക് കഴിഞ്ഞു.മെല്‍ബണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഒരു ലക്ഷത്തോളം കാണികളെ സാക്ഷിനിര്‍ത്തിയാണ് അര്‍ജന്റീന-ബ്രസീല്‍ സൂപ്പര്‍ പോരാട്ടത്തിന് വിസില്‍ മുഴങ്ങയത്. ഇരുടീമുകളും ഒന്നിന് പിറകെ ഒന്നായി ആക്രമിച്ച് കളിച്ചപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ കാണികള്‍ക്ക് അത് ഫുട്ബോള്‍ വിരുന്നായി.ആദ്യ പകുതി അവസാനിക്കാന്‍ ഒരു മിനിറ്റ് മാത്രം അവശേഷിക്കുമ്പോഴായിരുന്നു അര്‍ജന്റീന വിജയഗോള്‍ നേടിയത്. ഡി മരിയയുടെ ക്രോസ് ഹിഗ്വെയ്ന് ഹെഡ്ഡ് ചെയ്യ്തു വലയിലാക്കാന്‍ ശ്രമിച്ചു എന്നാല്‍ ലക്ഷ്യത്തിലെത്താതെ റീബൗണ്ട് വന്ന പന്തില്‍ മെര്‍ക്കാഡോ വലക്കുള്ളിലാക്കുകയായിരുന്നു.
സൂപ്പര്‍ താരം നെയ്മറില്ലാതെയാണ് ബ്രസീല്‍ കളത്തിലിറങ്ങിയിരിക്കുന്നത്. മെസ്സി, ദ്യബാല, ഹിഗ്വെയ്ന്, ഡി മരിയ എന്നിവര്‍ അര്‍ജന്റീനയുടെ ആദ്യ ഇലവനില്‍ ഇടംപിടിച്ചു.














