കോഴിക്കോട് രണ്ടാംദിവസവും ആക്രമണങ്ങള്‍ തുടരുന്നു; സിപിഐഎം ലോക്കല്‍ കമ്മിറ്റി ഓഫിസിന് തീയിട്ടു; ബിജെപി സംസ്ഥാന സെക്രട്ടറിയുടെ വീടിന് നേരെ കല്ലേറ്


കോഴിക്കോട് ജില്ലയില്‍ തുടര്‍ച്ചയായ രണ്ടാം ഹര്‍ത്താലിനിടെയും അക്രമങ്ങള്‍ തുടരുന്നു. ബിജെപി സംസ്ഥാന സെക്രട്ടറിയുടെ വീടിന് നേരെയും സിപിഐഎം ഓഫിസുകള്‍ക്ക് നേരെയുമാണ് പുലര്‍ച്ചെ ആക്രമണം ഉണ്ടായത്. ബിജെപി സംസ്ഥാന സെക്രട്ടറി സജീവന്റെ വടകര വളളിയോടുളള വീടിന് നേരെയാണ് ഇന്ന് പുലര്‍ച്ചെ കല്ലേറുണ്ടായത്. ഫറോക്കിലെ സിപിഐഎമ്മിന്റെ ലോക്കല്‍ കമ്മിറ്റി ഓഫിസിനാണ് ഇന്നുപുലര്‍ച്ചെ തീയിട്ടത്. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് പിന്നിലെന്ന് സിപിഐഎം ആരോപിച്ചു. ഇന്നലെ ബിഎംഎസ് ഓഫിസിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ബിഎംഎസ് ആഹ്വാനം ചെയ്ത ഹര്‍ത്താലാണിന്ന് ജില്ലയില്‍.
സിപിഐഎം-ബിജെപി സംഘര്‍ഷം തുടരുന്നതിനിടെ കഴിഞ്ഞ ദിവസം സിപിഐഎം ജില്ലാകമ്മിറ്റി ഓഫിസിന് നേരെയുണ്ടായ ബോംബേറിനെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ ഡിജിപി നിയോഗിച്ചു. കോഴിക്കോട് നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണറുടെ കീഴിലുളള പത്തംഗ സംഘമായിരിക്കും ഇതിനെക്കുറിച്ച് അന്വേഷിക്കുക.
വെളളിയാഴ്ച പുലര്‍ച്ചെ സിപിഐഎം ജില്ലാകമ്മിറ്റി ഓഫിസിന് നേരെയുണ്ടായ ബോംബേറില്‍ പ്രതിഷേധിച്ച് കോഴിക്കോട് ഇന്നലെ സിപിഐഎം ഹര്‍ത്താലായിരുന്നു.




Sharing is Caring