ബോംബ് ഭീഷണി: എയര്‍വേസ് വിമാനം അടിയന്തരമായി ഇറക്കി


downloadമസ്‌കറ്റ്: ബോംബ് ഭീഷണിയെത്തുടര്‍ന്നു ജെറ്റ് എയര്‍വേസ് വിമാനം അടിയന്തരമായി മസ്‌കറ്റ് വിമാനത്താവളത്തില്‍ ഇറക്കി. മുംബൈയില്‍നിന്നും 54 യാത്രക്കാരും ഏഴു ജീവനക്കാരുമായി ദുബായിലേക്കു പറന്ന 9 ഡബ്ലിയു 536 വിമാനമാണ് ഇന്നലെ (10-07-2015) ഉച്ചകഴിഞ്ഞ് അടിയന്തരമായി ഇറക്കിയത്.


വിമാനത്തിലുള്ളവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി. വിമാനങ്ങള്‍ക്കു നേരെ ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ ബോംബ് ഭീഷണിയാണിത്. ചൊവ്വാഴ്ച ടര്‍ക്കിഷ് എയര്‍ലൈന്‍സ് വിമാനം ദില്ലി വിമാനത്താവളത്തില്‍ ഇറക്കിയിരുന്നു. ബാങ്കോക്കില്‍ നിന്നു ഇസ്തംബുളിലേക്ക് പോയ വിമാനമായിരുന്നു.


എയര്‍ട്രാഫിക് കണ്‍ട്രോള്‍ വിഭാഗം ബോംബ് ഭീഷണിയെക്കുറിച്ച് അറിയിച്ചതിനു പിന്നാലെ മസ്‌കറ്റിലേക്കു വിമാനം വഴിതിരിച്ചു വിടുകയായിരുന്നെന്ന് ഒമാന്‍ എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് കമ്പനി സി.ഇ.ഒ. പറഞ്ഞു.

അടിയന്തര ലാന്‍ഡിങ്ങിനായി വിമാനത്താവളം പത്തുമിനുട്ടോളം അടച്ചു. സുരക്ഷാ ഉദ്യോഗസ്ഥര്‍ വിമാനം പരിശോധിച്ചെങ്കിലും സംശയകരമായി ഒന്നും കണ്ടെത്തിയില്ലെന്നും എയര്‍പോര്‍ട്ട് അധികൃതര്‍ പറഞ്ഞു.



Sharing is Caring