ശബള പരിഷ്‌കരണ റിപ്പോര്‍ട്ട; കുറഞ്ഞ ശമ്പളം 17,000, കൂടിയത് 1,20 ലക്ഷം

തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരുടെയും അദ്ധ്യാപകരുടെയും കുറഞ്ഞ ശമ്പളം 17000 രൂപയും കൂടിയത് 1.20 ലക്ഷവുമായി നിശ്ചയിച്ച് പത്താം ശമ്പളക്കമ്മിഷന്‍ റിപ്പോര്‍ട്ടിന് അന്തിമ രൂപം നല്‍കി. 80 ശതമാനം ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തില്‍ ലയിപ്പിച്ചാണ് സ്‌കെയിലുകള്‍ക്ക് രൂപം നല്‍കിയിട്ടുള്ളത്.

പന്ത്രണ്ട് ശതമാനം വീതം വെയിറ്റേജും ഫിറ്റ്‌മെന്റ് അലവന്‍സുകളും ഉള്‍പ്പെടുത്തി അടിസ്ഥാന ശമ്പളം 17,000 രൂപയായി നിശ്ചയിക്കുകയായിരുന്നു. 8,500 രൂപയായിരുന്നു കഴിഞ്ഞ ശമ്പളക്കമ്മിഷന്‍ റിപ്പോര്‍ട്ടിലെ അടിസ്ഥാന ശമ്പളം. കഴിഞ്ഞ തവണത്തെ കൂടിയ ശമ്പളം 59,840 ആയിരുന്നു. 2000 മുതല്‍ 12,000 രൂപവരെയാണ് വര്‍ദ്ധന. കഴിഞ്ഞ തവണത്തെ വര്‍ദ്ധന 1104 മുതല്‍ 4,490 രൂപ വരെയായിരുന്നു. ഏറ്റവും കുറഞ്ഞ ഇംക്രിമെന്റ് 450 രൂപ. കൂടിയത് 2000 രൂപ. നിലവില്‍ 230 രൂപയും 1200 രൂപയുമാണ്.

ഗ്രാറ്റുവിറ്റി പതിനഞ്ച് ലക്ഷമായി ഉയര്‍ത്തും. നിലവില്‍ കുറഞ്ഞ ഗ്രാറ്റുവിറ്റി ഏഴ് ലക്ഷമാണ്. ഏറ്റവും കുറഞ്ഞ പെന്‍ഷന്‍ 8,500 രൂപയും കൂടിയത് 60,000 രൂപയുമായിരിക്കും. ഇതില്‍ ഏറ്റക്കുറച്ചിലുകളുണ്ടാകാം. കുറഞ്ഞ അടിസ്ഥാന ശമ്പളത്തിന്റെ പകുതി തുക കുറഞ്ഞ പെന്‍ഷനായും ഉയര്‍ന്ന ശമ്പളത്തിന്റെ പകുതി കൂടിയ പെന്‍ഷനായും കണക്കാക്കിയാണ് പെന്‍ഷന്‍ നിശ്ചയിച്ചിട്ടുള്ളത്.

മുന്‍കാലങ്ങളില്‍ എല്ലാ ജീവനക്കാര്‍ക്കും നല്‍കിയിരുന്ന സ്‌പെഷ്യല്‍ പേ നിറുത്തലാക്കും. ഇതിന് ആനുപാതികമായി ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കും. സിറ്റി കോമ്പന്‍സേറ്ററി അലവന്‍സ്, വീട്ടുവാടക, യാത്രാബത്ത, ദിനബത്ത, കണ്ണട അലവന്‍സ് തുടങ്ങിയവയില്‍ വര്‍ദ്ധന വരും. നിലവിലുള്ള 27 സ്‌കെയിലുകള്‍ നിലനിര്‍ത്തും.

ജസ്റ്റ്‌സ് സി. എന്‍. രാമചന്ദ്രന്‍ നായര്‍ അദ്ധ്യക്ഷനും ഹൈക്കോടതി അഡ്വ: ടി. വി. ജോര്‍ജ് അംഗവും ,കെ. വി. തോമസ് മെമ്പര്‍ സെക്രട്ടറിയുമായ പത്താം ശമ്പളക്കമ്മിഷന്‍ ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സമര്‍പ്പിക്കും. മന്ത്രിതല സമിതിയുടെ പരിശോധനയ്ക്ക് ശേഷമേ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കൂ

Spread the love

Leave a Reply

Your email address will not be published. Required fields are marked *