അതിര്‍ത്തിയില്‍ ജോലി ചെയ്യുന്ന ജവാന്മാര്ക്ക് മോശം ഭക്ഷണമാണ് നല്‍കുന്നതെന്ന ബിഎസ്എഫ് ജവാന്റെ പരാതിയില്‍ ഡല്‍ഹി ഹൈക്കോടതി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ജവാന് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിഡിയോ വലിയ വിവാദമായിരുന്നു. ചീഫ് ജസ്റ്റിസ് ജി. രോഹിണി, ജസ്റ്റിസ് സംഗീത സേഗാള്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചിന്റേതാണ് നടപടി. തേജ് ബെഹദൂര്‍ യാദവ് എന്ന ജവാന്റെ പരാതിയില്‍ എന്തു നടപടിയാണ് എടുത്തതെന്ന് വ്യക്തമാക്കണമെന്ന് ആഭ്യന്തരമന്ത്രാലയത്തോട് കോടതി ആവശ്യപ്പെട്ടു.
ബിഎസ്എഫ്, സിആര്‍പിഎഫ്, സിഐഎസ്എഫ്, ഐടിബിപി, എസ്എസ്ബി, അസം റൈഫിള്‍സ് എന്നീ സൈനികവിഭാഗങ്ങളും ജവാന്മാര്ക്ക് നല്കുന്ന സൗകര്യങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും ആവശ്യപ്പെട്ട് കോടതി നോട്ടിസ് അയച്ചു.
ബിഎസ്എഫ് ജവാന് ഉന്നയിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ എന്തെല്ലാം നടപടികളാണ് എടുത്തതെന്ന് വ്യക്തമാക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടു. ഫെബ്രുവരി 27നാണ് വിഷയത്തില്‍ കോടതി ചേരുക. അന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.














