ഷീനബോറ കേസ്: ഇന്ദ്രാണിക്കും പീറ്ററിനുമെതിരെ കൊലക്കുറ്റം ചുമത്തി


വിവാദമായ ഷീനബോറ കൊലക്കേസില്‍ പ്രതികളായ ഇന്ദ്രാണി മുഖര്‍ജി, ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജി എന്നിവര്‍ക്ക് മേല്‍ കൊലക്കുറ്റം ചുമത്തി. മുംബൈ സിബിഐ പ്രത്യേക കോടതിയുടേതാണ് നടപടി. കൊലക്കുറ്റത്തിന് പുറമെ ഇരുവര്‍ക്കുമെതിരെ ഗൂഡാലോചന കുറ്റവും ചുമത്തിയിട്ടുണ്ട്. ഇന്ദ്രാണി മുഖര്‍ജിയുടെ മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്നയും കേസിലെ പ്രതിയാണ്.


അതേസമയം മൂന്നുപേരും കുറ്റം കുറ്റം നിഷേധിച്ചു. കേസ് ഫെബ്രുവരി ഒന്നിന് വീണ്ടും പരിഗണിക്കും. അടുത്ത വാദത്തില്‍ പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കുമെന്നാണ് പ്രോസിക്യൂഷന്‍ അവകാശപ്പെട്ടിരിക്കുന്നത്. കുറഞ്ഞത് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷയെങ്കിലും ലഭിക്കുമെന്നും സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്വല്‍ നിഗം പറഞ്ഞു.


2012 ഏപ്രില്‍ 24-നാണ് ഷീന ബോറ (24) കൊല്ലപ്പെട്ടത്. അമ്മ ഇന്ദ്രാണി, മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്ന, മുന്‍ ഡ്രൈവര്‍ ശ്യാംവര്‍ റായ് എന്നിവര്‍ ഷീനയെ കാറില്‍ ശ്വാസംമുട്ടിച്ച്‌ കൊന്നശേഷം, റായ്ഗഡിലെ വനമേഖലയില്‍ കൊണ്ടുപോയി കത്തിച്ചു കളഞ്ഞുവെന്നാണ് കേസ്. ഷീന ബോറയെ ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന ഇന്ദ്രാണി മുഖര്‍ജിയുടെ ഡ്രൈവര്‍ ശ്യാംവര്‍ റായിയുടെ വെളിപ്പെടുത്തലോടെയാണ് കേസിന് പുതിയ വഴിത്തിരിവുണ്ടാകുന്നത്. കൊലപാതകത്തിലെ തന്റെ പങ്കിനെക്കുറിച്ചും ഇയാള്‍ കോടതിയോട് വ്യക്തമാക്കിയിരുന്നു. സംഭവം പുറത്തറിഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ മൂന്ന് പ്രതികളെയും അറസ്റ്റുചെയ്തു.

ഇന്ദ്രാണിയുടെ ആദ്യത്തെ ബന്ധത്തിലുളള മകളായ ഷീനയും സ്റ്റാര്‍ഇന്ത്യാ മുന്‍ മേധാവി പീറ്ററിന്റെ ആദ്യഭാര്യയിലെ മകനായ രാഹുലും തമ്മിലുള്ള അടുപ്പത്തില്‍ ഇരുവര്‍ക്കും കടുത്തഎതിര്‍പ്പായിരുന്നു. ഇതാണ് ഷീനയുടെ കൊലപാതകത്തില്‍ തലാശിച്ചതെന്നാണ് സിബിഐ പറയുന്നത്. ഷീനയുടെ കൊലപാതകത്തെപ്പറ്റി ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിക്ക് വ്യക്തമായ അറിവുണ്ടായിരുന്നു. മൃതദേഹം ഉപേക്ഷിക്കാന്‍ തിരഞ്ഞെടുത്ത സ്ഥലം, അതിന്റെ വിശദാംശങ്ങള്‍, മറ്റു വിവരങ്ങള്‍ എന്നിവ സമയാസമയം ഇന്ദ്രാണി ഭര്‍ത്താവിനെ ഫോണില്‍ അറിയിച്ചതായി സിബിഐ കുറ്റപത്രത്തില്‍ പറയുന്നു.



Sharing is Caring