ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ശക്തമായ വെല്ലുവിളി ഉയര്‍ത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റാഫേല്‍ കരാര്‍, ജി.എസ്.ടി, കാര്‍ഷിക കടം, ഇന്ധന വില, സ്ത്രീ സുരക്ഷ തുടങ്ങി രാജ്യംനേരിടുന്ന പ്രശ്‌നത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി എവിടെവച്ചും എപ്പോള്‍ വേണമെങ്കിലും സംവാദത്തിനു തയ്യാറാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
”നമുക്ക് റാഫേല്‍ കരാറിനെക്കുറിച്ച് സംസാരിക്കാം. അനില്‍ അംബാനിയെക്കുറിച്ചും 1600 കോടി രൂപയുടെ വിമാനത്തേക്കുറിച്ചും. അദ്ദേഹം ഈ വെല്ലുവിളി സ്വീകരിക്കാന്‍ പോകുന്നില്ല. അദ്ദേഹത്തിന് 56 ഇഞ്ച് ഉണ്ട്. പക്ഷെ, റാഫേല്‍ കരാറിനെക്കുറിച്ച് ഒരു വാക്കുപോലും സംസാരിക്കാനാവുന്നില്ല”- രാഹുല്‍ പറഞ്ഞു. ഹൈദരാബാദിലെ സരൂര്‍നഗറില്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.

”പ്രധാനമന്ത്രി പറയുന്നു, അദ്ദേഹം പ്രധാനമന്ത്രിയല്ല രാജ്യത്തിന്റെ ‘ചൗക്കിദാര്‍’ (കാവല്‍ക്കാരന്‍) ആണെന്ന്. റാഫേല്‍ കരാര്‍ ഹിന്ദുസ്ഥാന്‍ എയറനോട്ടിക്‌സ് ലിമിറ്റഡില്‍ നിന്നെടുത്ത് അദ്ദേഹത്തിന്റെ സുഹൃത്തിനു നല്‍കി. യു.പി.എ സര്‍ക്കാര്‍ 536 കോടി രൂപയ്ക്കു സംസാരിച്ച അതേ എയര്‍ക്രാഫ്റ്റ് മോദി 1600 കോടി രൂപയ്ക്കു നല്‍കി. പത്തുദിവസം മുന്‍പു മാത്രം നിലവില്‍ വന്ന കമ്പനിക്കാണ് കരാര്‍ നല്‍കിയത്. അനില്‍ അംബാനിക്ക് മോദി സൗജന്യമായി ലക്ഷങ്ങളും കോടികളും സമ്മാനിച്ചു”- രാഹുല്‍ ഗാന്ധി ആരോപിച്ചു.
”ബേഠി ബച്ചാവോ, ബേഠി പഠാവോ എന്ന മുദ്രാവാക്യം പറയുന്ന മോദിക്ക്, ആരില്‍ നിന്നാണ് പെണ്‍കുട്ടികളെ രക്ഷിക്കേണ്ടതെന്ന കാര്യം പറയാന്‍ മറന്നു. ബിഹാറില്‍ ബി.ജെ.പി എം.എല്‍.എ ബലാത്സംഗം ചെയ്തു. ചെറിയ പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി. ബി.ജെ.പി എം.എല്‍.എമാരില്‍ നിന്ന് പെണ്‍കുട്ടികളെ രക്ഷിക്കൂ”- രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.













