മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയെ തകര്‍ത്ത് കോണ്‍ഗ്രസ് മുന്നേറുമെന്ന് സര്‍വ്വേ


ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ ബി.ജെ.പിയെ കോണ്‍ഗ്രസ് പരാജയപ്പെടുത്തുമെന്ന് സര്‍വ്വേ. എ.ബി.പി ന്യൂസും സി വോട്ടറും സംയുക്തമായാണ് സര്‍വേ നടത്തിയത്. മൂന്ന് സംസ്ഥാനങ്ങളിലേയും നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷം നേടുമെന്നാണ് സര്‍വ്വേ പറയുന്നത്.
എന്നാല്‍ മോദി പ്രഭാവം 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഈ മൂന്നുസംസ്ഥാനങ്ങളിലും പാര്‍ട്ടിയെ വിജയത്തിലെത്താന്‍ സഹായിക്കുമെന്നും സര്‍വേ ഫലം വ്യക്തമാക്കുന്നു. 28000 ആളുകളാണ് സര്‍വേയില്‍ പങ്കെടുത്തത്.


രാജസ്ഥാന്‍


സര്‍വേ പ്രകാരം രാജസ്ഥാനില്‍ കോണ്‍ഗ്രസ് 51 ശതമാനം വോട്ടുകള്‍ നേടും. ബി ജെ പി 37 ശതമാനത്തിലേക്ക് ചുരുങ്ങും. 200 സീറ്റുകളില്‍ 130 എണ്ണവും കോണ്‍ഗ്രസ് നേടും. ബി.ജെ.പിക്ക് 57ഉം മറ്റുള്ളവര്‍ക്ക് 13 സീറ്റുമാണ് ലഭിക്കുക.

2013ല്‍ ബി.ജെ.പി 163 സീറ്റുകളാണ് നേടിയത്.

രാജസ്ഥാനിലെ ആറ് നിയമസഭാ മണ്ഡലങ്ങളില്‍ ഈ വര്‍ഷം ആദ്യം ഉപതെരഞ്ഞെടുപ്പുകള്‍ നടന്നിരുന്നു. ഇതില്‍ ആറുസീറ്റുകളിലും കോണ്‍ഗ്രസിനായിരുന്നു ജയം. രണ്ട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിനായിരുന്നു ജയം.

മധ്യപ്രദേശ്

മധ്യപ്രദേശില്‍ 42 ശതമാനം വോട്ടുകള്‍ കോണ്‍ഗ്രസ് നേടും. 40 ശതമാനം വോട്ടുകളേ ബി.ജെ.പിക്ക് നേടാന്‍ സാധിക്കൂ. ആകെയുള്ള 230 സീറ്റുകളില്‍ 117 സീറ്റുകള്‍ കോണ്‍ഗ്രസിനും 106 ബി.ജെ.പിക്കും ഏഴ് മറ്റുള്ളവര്‍ക്കും എന്നിങ്ങനെയായിരിക്കും സീറ്റ് നില.

ഛത്തീസ്ഗഢ്

നിയമസാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 40ശതമാനം വോട്ടു നേടും. ബി.ജെ.പിക്ക് 39 ശതമാനം വോട്ടുകളും ലഭിക്കും. 90 സീറ്റുകളുള്ള നിയമസഭയില്‍ കോണ്‍ഗ്രസ് 54 എണ്ണത്തില്‍ വിജയിക്കും. ബി.ജെ.പി 33, മറ്റുള്ളവര്‍ മൂന്ന്.

എന്നാല്‍ പ്രധാനമന്ത്രി പദത്തില്‍ മോദി തന്നെയാണ് പ്രിയങ്കരന്‍. 53.8 ശതമാനം ആളുകള്‍ മോദിയെ പിന്തുണക്കുമ്പോള്‍ 46.2 ശതമാനം പേരാണ് രാഹുല്‍ ഗാന്ധിയെ ഇഷ്ടപ്പെടുന്നത്.



Sharing is Caring