നെടുമ്പാശ്ശേരി എയര്‍പ്പോട്ട് ശനിയാഴ്ച്ച വരെ അടച്ചിടും

 

 

കൊച്ചി: കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്ന സാഹചര്യത്തില്‍ നെടുമ്പാശേരി വിമാനത്താവളം നാല് ദിവസത്തേക്ക് അടച്ചിടും. ശനിയാഴ്ച വരെ വിമാനത്താവളം അടച്ചിടുമെന്നാണ് വിവരം. റണ്‍വേയും പാര്‍ക്കിങ്ങ് ബേയും ഓപ്പറേഷന്‍സ് ഏരിയയുമടക്കമുള്ള പ്രദേശങ്ങളില്‍ വെള്ളം കയറിയതിനെ  തുടര്‍ന്നാണ് വിമാനത്താവളം താല്‍ക്കാലികമായി അടച്ചത്.

ബുധനാഴ്ച  ഉച്ചയ്ക്ക് രണ്ടു മണിവരെ സര്‍വീസുകള്‍ അസാനിപ്പിച്ചതായാണ് ആദ്യം അറിയിച്ചത്. എന്നാല്‍ മഴ കുറയാത്ത സാഹചര്യത്തില്‍ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിവരെ വിമാനത്താവളം അടച്ചതായി പിന്നീട് അധികൃതര്‍ അറിയിക്കുകയായിരുന്നു.

നെടുമ്പാശേരിയില്‍ നിന്ന് സര്‍വീസ് നടത്തേണ്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ എല്ലാ വിമാനങ്ങള്‍ തിരുവനന്തപുരത്ത് നിന്ന് സര്‍വീസ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, ഏതാനും വിമാനങ്ങളുടെ സര്‍വീസ് റദ്ദാക്കിയിട്ടുണ്ട് കൊച്ചി-മസ്‌ക്കറ്റ്-കൊച്ചി, കൊച്ചി-ദുബായ്-കൊച്ചി സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളാണ് സര്‍വീസ് റദ്ദാക്കിയത്.

കൂടാതെ, അബുദാബിയില്‍ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തേണ്ടിയിരുന്ന എയര്‍ഇന്ത്യയുടെ ഐഎക്‌സ് 452 വിമാനം കോയമ്പത്തൂര്‍ വിമാനത്താവളത്തിലായിരിക്കും ഇറക്കുക. കൊച്ചിയില്‍ നിന്ന് അബുദാബിയിലേക്ക് സര്‍വീസ് നടത്തേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഐഎക്‌സ് 419 വിമാനം തിരുവനന്തപുരത്ത് നിന്നായിരിക്കും ടേക്ക് ഓഫ് ചെയ്യുകയെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *