പോലീസ് ഡ്രൈവറെ മര്‍ദിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും


തിരുവനന്തപുരം: എ.ഡി.ജി.പി സുധേഷ് കുമാറിന്റെ മകള്‍ പോലീസ് ഡ്രൈവറെ മര്‍ദിച്ച സംഭവത്തെ കുറിച്ച്‌ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ഷെയ്ഖ് ദര്‍വേഷ് സാഹിബിനാണ് അന്വേഷണത്തിന് മേല്‍നോട്ടം നല്‍കിയിരിക്കുന്നത്. പോലീസ് അസോസിയേഷന്‍ ഭാരവാഹികളുമായി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. അതേസമയം തന്റെ കൈകളില്‍ കയറിപ്പിടിച്ചെന്ന സുധേഷ് കുമാറിന്റെ മകളുടെ പരാതിയും ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ പരിധിയില്‍ വരും.


നിലവില്‍ തിരുവനന്തപുരം സിറ്റി ക്രൈം റെക്കാഡ്‌സ് ബ്യൂറോ അസിസ്റ്റന്റ് കമ്മിഷണര്‍ പ്രതാപന്‍ ആണ് സംഭവത്തെ കുറിച്ച്‌ അന്വേഷിക്കുന്നത്. അതിനിടെ മര്‍ദനമേറ്റ ഡ്രൈവറും തിരുവനന്തപുരം ആര്യനാട് സ്വദേശിയുമായ ഗവാസ്‌കറിന് 50,000 രൂപ ചികിത്സാ സഹായം നല്‍കാനും തീരുമാനിച്ചു. കാലങ്ങളായി മുടങ്ങിക്കിടക്കുന്ന പോലീസ് സ്റ്റാഫ് കൗണ്‍സില്‍ യോഗങ്ങള്‍ ഉടന്‍ തന്നെ വിളിക്കും. എല്ലാ ജില്ലകളിലുമുള്ള പരാതികളില്‍ നടപടി എടുക്കേണ്ട ചുമതല സ്റ്റാഫ് കൗണ്‍സില്‍ യോഗങ്ങള്‍ക്കാണ്.


അതേസമയം, ആംഡ് ബറ്റാലിയന്‍ മേധാവി സ്ഥാനത്ത് നിന്ന് നീക്കപ്പെട്ട സുധേഷ് കുമാറിനോട് പോലീസ് ആസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യാന്‍ ഡി.ജി.പി നിര്‍ദേശിച്ചു. സംഭവത്തെ കുറിച്ച്‌ മുഖ്യമന്ത്രി ഡി.ജി.പിയോട് വിശദീകരണം തേടിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡി.ജി.പി സുധേഷ് കുമാറിനെ വിളിച്ചുവരുത്തിയത്.



Sharing is Caring