ഇന്ന് നാലുകളികള്‍; മെസിയുടെ അര്‍ജന്റീനയും ഫ്രാന്‍സും ഇന്ന് ആദ്യ മത്സരത്തിനിറങ്ങുന്നു

മോസ്‌കോ: ലോകകപ്പിന്റെ മൂന്നാം ദിനമായ ഇന്ന് നാല് മത്സങ്ങള്‍ അരങ്ങേറും. മുന്‍ ചാമ്പ്യന്‍മാരായ ഫ്രാന്‍സും അര്‍ജന്റീനയും ഇന്ന് കളത്തിലിറങ്ങും. ഫ്രാന്‍സിന് ഓസ്‌ട്രേലിയയും അര്‍ജന്റീനയ്ക്ക് ഐസ്‌ലന്‍ഡുമാണ് എതിരാളികള്‍. മറ്റ് മത്സരങ്ങളില്‍ പെറു ഡെന്‍മാര്‍ക്കിനെയും ക്രൊയേഷ്യ നൈജീരിയയെയും നേരിടും.
ഇന്നത്തെ ആദ്യ മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ ഫ്രാന്‍സ് ഏഷ്യന്‍ പ്രതിനിധികളായി എത്തിയ ഓസ്‌ട്രേലിയയെ നേരിടും. കസാന്‍ അരീനയില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 3.30 നാണ് മത്സരം. അന്റോണിയോ ഗ്രീസ്മാന്‍, പോള്‍ പോഗ്ബ, കെയ്‌ലിയന്‍ എംബാപ്പെ, ഒളിവര്‍ ജിറാര്‍ഡ്, സാമുവല്‍ ഉംറ്റിറ്റി എന്നിവരടങ്ങുന്ന ശക്തമായ ഫ്രഞ്ച് പട വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. 1998 ല്‍ ടീമിനെ കീരീടവിജയത്തിലേക്ക് നയിച്ച ദിദിയര്‍ ദെഷാംപ്‌സിന്റെ തന്ത്രങ്ങളുമായിറങ്ങുന്ന ഫ്രഞ്ച് പടയ്ക്ക് ഓസ്‌ട്രേലിയ എതിരാളികളേ ആകില്ലെന്നാണ് വിലയിരുത്തല്‍.

ഇന്ത്യന്‍ സമയം വൈകിട്ട് ആറരയ്ക്കാണ് കായികപ്രേമികള്‍ കാത്തിരിക്കുന്ന മത്സരം. ഇന്ന് ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള ഫുട്‌ബോള്‍ ടീം, ഏറ്റവുമധികം പരിലാളനങ്ങളേല്‍ക്കുന്ന ടീം, അര്‍ജന്റീന കളത്തിലിറങ്ങുന്നു എന്നതാണ് കാത്തിരിപ്പിന്റെ ഒരു കാരണം. പിന്നെ ലോകകപ്പിലെ കന്നിക്കാരായ ഐസ്‌ലന്‍ഡ് എന്ന കുഞ്ഞന്‍ രാജ്യത്തിന്റെ സാന്നിധ്യം. ഫുട്‌ബോളിന്റെ, അര്‍ജന്റീനയുടെ മിശിഹ കളത്തിലിറങ്ങുന്നത് കാത്തിരിക്കുകയാണ് ഫുട്‌ബോള്‍ ആരാധകര്‍. മെസിയുടെ മാന്ത്രികത വീണ്ടും വീണ്ടും കാണാന്‍ കാത്തിരിക്കുന്നവര്‍ക്ക് അതിനുള്ള അവസരം സമാഗതമാവുകയാണ്.

ഫുട്‌ബോള്‍ ലോകകപ്പിന് യോഗ്യത നേടുന്ന ഏറ്റവും കുറവ് ജനസംഖ്യയുള്ള രാജ്യമെന്ന ബഹുമതിയുമായാണ് ഐസ്‌ലന്‍ഡിന്റെ വരവ്.മെസി, ഹിഗ്വെയിന്‍, സെര്‍ജി അഗ്യുറോ, എയ്ഞ്ചല്‍ ഡി മരിയ എന്നീ വമ്പന്‍മാരടങ്ങിയ അര്‍ജന്റീനയ്ക്ക് മുന്നില്‍ ഐസ്‌ലന്‍ഡിന് എത്രത്തോളം പിടിച്ചുനില്‍ക്കാനാകും എന്നതാണ് കാണികള്‍ കാത്തിരിക്കുന്നത്. അതോ അട്ടിമറിയിലൂടെ കളത്തില്‍ പുതു ചരിത്രം രചിച്ച്‌ ഫുട്‌ബോള്‍ ലോകത്തെ ഈ കുഞ്ഞന്‍മാര്‍ ഞെട്ടിക്കുമോ. അര്‍ജന്റീനയ്ക്ക് മേല്‍ ഐസ്‌ലന്‍ഡിന് ഉള്ള ഏക മേല്‍ക്കൈ നീളത്തിന്റെ കാര്യത്തിലാണ്. ലോകകപ്പില്‍ ഏറ്റവുമധികം നീളമുള്ള താരങ്ങളാണ് അവരുടേത്. ആറടിയിലേറെയാണ് താരങ്ങളുടെ ശരാശരി ഉയരം. ഇവരേക്കാള്‍ രണ്ടിഞ്ച് കുറവാണ് അര്‍ജന്റീന താരങ്ങളുടെ നീളം. നീളത്തിന്റെ കാര്യത്തില്‍ കിട്ടിയിരിക്കുന്ന ജയം കളത്തിലും കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ഐസ്‌ലന്‍ഡ്.

ഇന്ന് നടക്കുന്ന മൂന്നാമത്തെ മത്സരത്തില്‍ പെറു ഡെന്‍മാര്‍ക്കിനെ നേരിടും. മൊര്‍ഡോവിയ അരീനയില്‍ ഇന്ത്യന്‍ സമയം രാത്രി ഒന്‍പതരയ്ക്കാണ് മത്സരം. ഇതോടെ ഗ്രൂപ്പ് സിയിലെ ഒന്നാം റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാകും.നാലാമത്തെ മത്സരത്തില്‍ ക്രൊയേഷ്യ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയെ നേരിടും. ഇന്ത്യന്‍ സമയം രാത്രി ഒന്നരയ്ക്ക് കലിനിന്‍ഗാര്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരം. 1998 ല്‍ മൂന്നാം സ്ഥാനവുമായി മടങ്ങിയ ക്രൊയേഷ്യയ്ക്ക് പിന്നീട് ആ പ്രതാപം കാണിക്കാനായിട്ടില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *