പെട്രോളിന് ഹെല്‍മറ്റ്; ജനങ്ങളെ പീഡിപ്പിക്കുന്ന പദ്ധതിയുമായി മുന്നോട്ട് പോകില്ലെന്ന് മന്ത്രി


ഹെല്‍മെറ്റ് ധരിക്കാതെ പെട്രോള്‍ നല്‍കില്ല എന്ന തിരുമാനത്തില്‍ ജനങ്ങള്‍ക്ക് ആങ്കയുണ്ടെങ്കില്‍ പദ്ധതിയുമായി മുന്നോട്ടു പോകില്ലെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍. ജനങ്ങളെ പീഡിപ്പിക്കുന്ന നടപടിയുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാരിനാവില്ലെന്ന് മന്ത്രി വ്യക്തമാക്കി.


ഗതാഗത കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരിയോട് പുതിയ പരിഷ്‌കരണത്തെക്കുറിച്ച് മന്ത്രി വിശദീകരണം തേടി. ഹെല്‍മെറ്റ് ധരിക്കാത്തവര്‍ക്ക് പെട്രോള്‍ നല്‍കില്ലെന്ന പുതിയ ഗതാഗത പരിഷ്‌കാരം ഓഗസ്ത് ഒന്നു മുതല്‍ നടപ്പിലാക്കാനായിരുന്നു പദ്ധതി. എന്നാല്‍ ഇതിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്നാണ് മന്ത്രി വിശദീകരണം തേടിയത്.


ഓഗസ്ത് 1 മുതല്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കോര്‍പ്പറേഷനുകളിലാണ് ആദ്യഘട്ടമെന്ന നിലയില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നത്. ഇന്ധന കമ്പനികള്‍ക്കും പെട്രോള്‍ പമ്പുകള്‍ക്കും ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കുമെന്നും റോഡപകടങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമാണ് ഇത്തരം നടപടികളെന്നും ടോമിന്‍ ജെ തച്ചങ്കരി വ്യക്തമാക്കിയിരുന്നു.



Sharing is Caring