പുത്തന്‍ ഹിന്ദുസ്ഥാന്റെ ഉദയം: മോദി


ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ ജനവിധി പുതിയ ഹിന്ദുസ്ഥാന്റെ ഉദയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈകാരിക വിഷയങ്ങള്‍ക്കല്ല, വികസനത്തിനാണ് ജനങ്ങള്‍ വോട്ട് ചെയ്തതെന്നും എല്ലാവരേയും ഒരേപോലെ കണക്കാക്കുന്ന സര്‍ക്കാരുകളാകും ഈ സംസ്ഥാനങ്ങളില്‍ അധികാരത്തിലെത്തുകയെന്നും മോദി പറഞ്ഞു. തെരഞ്ഞെടുപ്പു വിജയാഘോഷത്തിന്റെ ഭാഗമായി ബിജെപി ആസ്ഥാനത്ത് പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.


അടല്‍ ബിഹാരി വാജ്‌പേയിയും എല്‍.കെ. അദ്വാനിയും കുശഭാവ് ഠാക്കറെയും ജന കൃഷ്ണമൂര്‍ത്തിയും അടക്കമുള്ള നേതാക്കള്‍ വര്‍ഷങ്ങളോളം രാജ്യത്തിന്റെ വിവിധ കോണുകളില്‍ ഒഴുക്കിയ വിയര്‍പ്പിന്റെ ഫലമാണ് ബിജെപിക്ക് ഇന്ന് ലഭിക്കുന്നതെന്ന് മോദി പ്രവര്‍ത്തകരെ ഓര്‍മ്മിപ്പിച്ചു. രാജ്യത്തെ കോടിക്കണക്കിന് വരുന്ന പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുകയെന്നത് മാത്രമാണ് നമ്മുടെ കടമ.


ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയാക്കി ബിജെപിയെ ഉയര്‍ത്തിയത് ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പരിശ്രമങ്ങളാണ്. ഒരു വലിയ സങ്കല്‍പ്പത്തിനായി അഹോരാത്രം പ്രവര്‍ത്തിച്ച ലക്ഷോപലക്ഷം പ്രവര്‍ത്തകരുടെ പങ്ക് വിസ്മരിക്കാനാവില്ല. ദീനദയാല്‍ജിയുടെ അന്ത്യോദയ സങ്കല്‍പ്പം പൂര്‍ത്തീകരിക്കാന്‍ ജന്മശതാബ്ദി വര്‍ഷത്തില്‍ നമുക്ക് പ്രചോദനമാണ് ഇപ്പോഴത്തെ ജനവിധി.

തെറ്റുകള്‍ ആര്‍ക്കും പറ്റും. എന്നാല്‍, തെറ്റായ കാര്യങ്ങള്‍ ചെയ്യില്ലെന്ന് ജനങ്ങള്‍ക്ക് ഉറപ്പു നല്‍കിയാന്‍ 2014ല്‍ ബിജെപി അധികാരത്തിലെത്തിയത്. ശരിയല്ലാത്ത ഉദ്യേശത്തോടെ യാതൊന്നും ചെയ്യില്ലെന്ന് ജനങ്ങള്‍ക്ക് വാക്ക് നല്‍കി. അതു പാലിക്കും. വികസനത്തിന്റെ വിപ്ലവം രാജ്യത്തുണ്ടാകണം. 2022ല്‍ സ്വാതന്ത്ര്യലബ്ധിയുടെ എഴുപത്തഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ സ്വയംപര്യാപ്തതയുടെ പുതിയ ഇന്ത്യയെ ലോകത്തിന് കാണിച്ചുകൊടുക്കാന്‍ നമുക്ക് സാധിക്കണം, മോദി പറഞ്ഞു. ഇതിനായി മധ്യവര്‍ഗ ജനതയും ദരിദ്ര ജനവിഭാഗങ്ങളും തമ്മില്‍ യോജിച്ച് മുന്നേറണം. ഇതു സാധ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് കേന്ദ്ര സര്‍ക്കാരിന്റെയും ബിജെപിയുടേയും ദൗത്യമെന്നും മോദി ഓര്‍മ്മിപ്പിച്ചു.



Sharing is Caring