പൊളിക്കാന്‍ വീണ്ടും കപ്പലെത്തി, സില്‍ക്ക് വിവാദത്തിലേക്ക്


പാരിസ്ഥിതിക പ്രശ്‌നം കാരണം നാട്ടുകാരുടെ സമരത്തിനൊടുവില്‍ കപ്പല്‍പ്പൊളി നിര്‍ത്തിവെച്ച അഴീക്കല്‍ സില്‍ക്കില്‍ കപ്പല്‍പ്പൊളി പുനരാരംഭിക്കാന്‍ നീക്കം. നീക്കത്തിന് സഹായം നല്‍കുന്നത് സിപിഎം-കോണ്‍ഗ്രസ് നേതൃത്വങ്ങളെന്ന് ആരോപണം.


കഴിഞ്ഞ ദിവസം ഗെയ്റ്റ്‌വേ പ്രസ്റ്റീജ് എന്ന പേരുളള കപ്പലാണ് കടല്‍മാര്‍ഗ്ഗം പൊളിക്കാനായി അഴീക്കല്‍ തീരത്തെത്തിച്ചത്. നിരോധനം നിലനില്‍ക്കെ പൊളിച്ചുനീക്കാനായി വീണ്ടും കപ്പലെത്തിച്ചത് ഇരു കക്ഷികളുടേയും പിന്തുണയോടെയാണെന്നാണ് ആരോപണം. കണ്ണൂര്‍ ജില്ലക്കാരനായ തുറമുഖ വകുപ്പ് മന്ത്രിയുടെ പാര്‍ട്ടി നേതാക്കളുടെ അനുഗ്രഹാശിസ്സുകളും ഇതിന് പിന്നിലുണ്ടെന്ന ആരോപണമുയര്‍ന്നിട്ടുണ്ട്.


അധികൃതരുടെ നടപടിയില്‍ നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതമുണ്ടെന്ന പ്രദേശവാസികളുടെ അഭിപ്രായത്തെയും പ്രതിഷേധത്തെയും തുടര്‍ന്ന് രണ്ടുവര്‍ഷമായി ഇവിടെ കപ്പല്‍പൊളിക്ക് അനുമതി നല്‍കിയിരുന്നില്ല. കസ്റ്റംസ് ക്ലിയറന്‍സ് ഉള്‍പ്പെടെ ലഭിച്ചാല്‍ മാത്രമേ കപ്പല്‍ കടല്‍മാര്‍ഗ്ഗം അഴീക്കലിലെത്തിക്കാനാവൂ എന്നിരിക്കെ അനുമതികളൊന്നുമില്ലാതെയാണ് പൊളിക്കാനായി കപ്പലെത്തിച്ചിരിക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇതിന് സഹായിച്ചത് ഇടത്-വലത് നേതാക്കളാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

ഈ പ്രദേശത്തെ വെളളവും മണ്ണും മലിനമാകുന്നുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് പരിസ്ഥിതി മന്ത്രാലയം കപ്പല്‍പൊളി നിര്‍ത്തിവെക്കാന്‍ മാസങ്ങള്‍ക്ക് മുമ്പെ ഉത്തരവിട്ടിരുന്നു. കൂടാതെ ജില്ലാ ഭരണകൂടവും കപ്പല്‍പൊളി നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടിരുന്നു. നിരോധനം നിലനില്‍ക്കെ സില്‍ക്കില്‍ വീണ്ടും കപ്പലുകള്‍ പൊളിക്കാനുളള നീക്കത്തിനെതിരെ ശക്തമായ സമരം ആരംഭിക്കാന്‍ അഴീക്കലിലെ കപ്പല്‍പ്പൊളി വിരുദ്ധസമിതി യോഗം തീരുമാനിച്ചിട്ടുണ്ട്.

സമരം കപ്പല്‍ പൊളിശാലക്കെതിരെ എന്നതിലുപരി നാട്ടുകാര്‍ക്ക് ദുരിതം വിതക്കുന്ന നടപടികള്‍ക്ക് കൂട്ടുനില്‍ക്കുന്ന ഇടത്-വലത് നേതാക്കളെ തുറന്നു കാട്ടിക്കൊണ്ടുളള സമരമാണ് ആസൂത്രണം ചെയ്യുന്നതെന്ന് കപ്പല്‍പ്പൊളി വിരുദ്ധസമിതി നേതാക്കള്‍ ജന്മഭൂമിയോട് പറഞ്ഞു.
മാലിയില്‍ നിന്നാണ് കപ്പല്‍ അഴീക്കലിലെത്തിയിരിക്കുന്നത്.

കാല്‍നൂറ്റാണ്ടുകാലം ഓടിത്തളര്‍ന്ന 1265 ടണ്‍ കേവുഭാരമുള്ള കപ്പലാണ് പൊളിച്ചടുക്കാനായി അഴീക്കല്‍ മീന്‍പിടുത്ത തുറമുഖത്തോടു ചേര്‍ന്നുള്ള സ്റ്റീല്‍ ഇന്റസ്ട്രി കേരള ലിമിറ്റഡിന്റെ(സില്‍ക്ക്) സ്ഥലത്തെത്തിച്ചിരിക്കുന്നത്. കപ്പല്‍ യാര്‍ഡില്‍ കയറ്റാന്‍ അനുമതി നല്‍കിയിട്ടില്ലെന്നാണ് തുറമുഖ വകുപ്പ് അധികൃതര്‍ പറയുന്നത്. കസ്റ്റംസ് രേഖകള്‍, തീര സംരക്ഷണ സേനയുടെ അനുമതി, മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നുള്ള അനുമതി എന്നിവ ലഭ്യമാക്കിയാലേ തുറമഖത്ത് നിര്‍ത്തിയിടാന്‍ അനുവദിക്കൂ എന്നാണ് പറയുന്നത്.



Sharing is Caring