കോട്ടയം: കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ ജോസഫ് പാല ബിഷപ്പുമായി രഹസ്യ കൂടികാഴ്ച നടത്തി. ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടുമായിട്ടായിരുന്നു ജോസഫിന്റെ കൂടികാഴ്ച. പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ ജോസഫ് ബിഷപ്പിനെ ധരിപ്പിച്ചുവെന്നാണ് വിവരം.
അതേസമയം, പി.ജെ ജോസഫിനെ ജനാധിപത്യ കേരള കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്യുന്നതായി ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. പാര്‍ട്ടി വിട്ട് പുറത്ത് വന്നാല്‍ അര്‍ഹമായ സ്ഥാനം നല്‍കുമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് വ്യക്തമാക്കി. കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ കൂടുതല്‍ രൂക്ഷമാകുന്നതിനിടെയാണ് ഫ്രാന്‍സിസ് ജോര്‍ജിന്റെ പ്രതികരണം.
കോട്ടയത്ത് മത്സരിക്കാന്‍ താത്പര്യമറിയിച്ച പി ജെ ജോസഫിനെ തള്ളി തോമസ് ചാഴിക്കാടനെ കഴിഞ്ഞ ദിവസം കെ എം മാണി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് കേരളാ കോണ്‍ഗ്രസിനെ പ്രശ്നങ്ങള്‍ രൂക്ഷമായത്. നടപടിയെ അസാധാരണമെന്നാണ് പി ജെ ജോസഫ് വിശേഷിപ്പിച്ചത്. എന്നാല്‍ പ്രവര്‍ത്തകരുടെ വികാരം മാനിച്ചാണ് നടപടിയെന്നാണ് കെഎം മാണി പ്രതികരിച്ചത്.













