പി.ജയരാജനെ ചോദ്യം ചെയ്യാന്‍ വിട്ടു നല്‍കണമെന്ന സി.ബി.ഐ ഹരജിയില്‍ ഇന്ന് വിധി


കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതിയായി കോടതി റിമാന്‍ഡ് ചെയ്ത സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ മൂന്ന് ദിവസത്തേക്ക് വിട്ട് നല്‍കണമെന്ന സി.ബി.ഐ ഹരജിയില്‍ കോടതി ഇന്ന് വിധി പ്രഖ്യാപിക്കും. നിലവിലെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ജയില്‍ സൂപ്രണ്ടിന് തിങ്കളാഴ്ച നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതുപ്രകാരം ജയില്‍ സൂപ്രണ്ട് വിശദമായ റിപ്പോര്‍ട്ടും ഇന്ന് തലശ്ശേരി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുമ്പാകെ സമര്‍പ്പിക്കും.


മനോജ് വധക്കേസിലെ 25-ാം പ്രതിയായ പി.ജയരാജന്‍ കോടതിയില്‍ കീഴടങ്ങുകയായിരുന്നെന്നും ഇതുകാരണം പ്രതിയെ ചോദ്യം ചെയ്യാന്‍ സാധിച്ചിരുന്നില്ലെന്നും അന്വേഷണം പൂര്‍ത്തീകരിക്കാന്‍ ജയരാജനെ ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്നുമാണ് സി.ബി.ഐയുടെ വാദം. എന്നാല്‍ നേരത്തെ ആറ് മണിക്കുറിലേറെ തിരുവനന്തപുരം സി.ബി.ഐ ആസ്ഥാനത്ത് വെച്ച് ചോദ്യം ചെയ്യലിന് ഹാജരായ പി.ജയരാജനെ ഇനിയും ചോദ്യം ചെയ്യാന്‍ വിട്ട് നല്‍കരുതെന്നും ഗുരുതരമായ ആരോഗ്യ പ്രശ്‌നം അദ്ദേഹത്തിനുണ്ടെന്നുമാണ് പ്രതിഭാഗത്തിന്റെ എതിര്‍വാദം. ബി.ജെ.പി- ആര്‍.എസ്.എസ് പ്രവര്‍ത്തകരില്‍ നിന്ന് ഭീഷണി നേരിടുന്ന പി.ജയരാജനെ കസ്റ്റഡിയില്‍ വിട്ട് നല്‍കുന്നതിനെ പ്രതിഭാഗം ശക്തമായി എതിര്‍ക്കുകയാണ്.
കഴിഞ്ഞ ശനിയാഴ്ചയാണ് ജയരാജന്‍ തലശ്ശേരി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുമ്പാകെ കീഴടങ്ങിയത്. തുടര്‍ന്ന് പ്രതിയെ ഒരു മാസത്തേക്ക് ജഡ്ജ് വി.ജെ അനില്‍കുമാര്‍ റിമാന്‍ഡ് ചെയ്തു. റിമാന്‍ഡിന് ശേഷം ഇന്ന് വരെയുള്ള അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ജയില്‍ സൂപ്രണ്ടിന് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നത്.




Sharing is Caring