നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പായി


സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ 22 ദിവസമായി നടത്തിവന്ന സമരം ഒത്തുതീര്‍പ്പായി. കുറഞ്ഞ വേതനം 20,000 രൂപയായി നിശ്ചയിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം കൈക്കൊണ്ടു. 50 കിടക്കകള്‍ വരെയുള്ള സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരുടെ ശമ്പളം 20,000 രൂപയായാണ് ഉയര്‍ത്തിയത്.


ഇത് സംബന്ധിച്ച് എല്ലാ സംഘടനകളും ധാരണയിലെത്തിയെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. യോഗത്തില്‍ നഴ്‌സുമാരുടെ സംഘടനാ പ്രതിനിധികളും മാനേജ്‌മെന്റ്് പ്രതിനിധികളും പങ്കെടുത്തിരുന്നു.


50ന് മേലെ കിടക്കകളുള്ള ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം തീരുമാനിക്കാന്‍ സര്‍ക്കാര്‍ നാലംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. സമിതി ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കും. ഈ റിപ്പോര്‍ട്ട് പരിഗണിച്ചാവും 50ന് മേലെ കിടക്കകളുള്ള ആശുപത്രികളിലെ നഴ്‌സുമാരുടെ വേതനത്തില്‍ തീരുമാനമെടുക്കുക. കൂടാതെ, നഴ്‌സുമാരുടെ ട്രെയിനിംഗ് കാലാവധി, സ്‌റ്റൈപ്പന്റ് വര്‍ധനവ് എന്നിവയിലും സമിതി നല്‍കുന്ന റിപ്പോര്‍ട്ട് പരിഗണിച്ച് തീരുമാനമെടുക്കും.

2016 ജനുവരി 29ന് ഉണ്ടായ സപ്രീം കോടതി വിധിയുടെ അടസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ അതേവര്‍ഷം ഫെബ്രുവരിയില്‍ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയുള്ള വേതനം നഴ്‌സുമാര്‍ക്ക് നല്‍കുമെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കുന്നത്.

ബുധനാഴ്ച ഹൈക്കോടതി നിയോഗിച്ച മീഡിയേഷന്‍ കമ്മിറ്റി മാനേജ്‌മെന്റുമായും നഴ്‌സസ് അസോസിയേഷന്‍ ഭാരവാഹികളുമായും നടത്തിയ ചര്‍ച്ചയില്‍ തീരുമാനമുണ്ടായില്ല. വ്യാഴാഴ്ച രാവിലെ നടന്ന മിനിമം വേജസ് ബോര്‍ഡിന്റെ ചര്‍ച്ചയും തീരുമാനമാകാതെ പിരിഞ്ഞു. ശമ്പളത്തിന്റെ കാര്യത്തില്‍ മാനേജുമെന്റുകളും നഴ്‌സുമാരും ഒരടി പിന്നോട്ടുപോകാന്‍ തയാറാകാതിരുന്നതോടെയാണ് ചര്‍ച്ച അലസിയത്. അടിസ്ഥാന ശമ്പളം 20,000 രൂപയാക്കണമെന്നാണ് നഴ്‌സുമാരുടെ ആവശ്യം. ഇത് അംഗീകരിക്കാന്‍ മാനേജ്‌മെന്റുകള്‍ തയാറായിരുന്നില്ല.



Sharing is Caring