നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം വെള്ളിയാ‍ഴ്ച,പ്രത്യേക കോടതി വേണമെന്ന നിലപാടിൽ പൊലീസ്


നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം പൂർത്തിയായതായി സൂചന.ഒക്ടോബർ 6 വെള്ളിയാ‍ഴ്ച കുറ്റപത്രം സമർപ്പിക്കുമെന്നാണ് സൂചന.കേസിന്‍റെ പ്രാധാന്യം കണക്കിലെടുത്ത് വിചാരണയ്ക്ക് പ്രത്യേക കോടതി എന്ന ആവശ്യം പൊലീസ് മുന്നോട്ട് വച്ചേക്കും.


ക‍ഴിഞ്ഞ ഫെബ്രുവരി ആറിനാണ് കേസിനാസ്പദമായ സംഭവം.പൾസർ സുനിയുടെ നേതൃത്വത്തിൽ ആറംഗസംഘം കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടു പോകുകയായിരുന്നു.കേസിലെ ഗൂഢാലോചന തെളിയിക്കുക എന്നത് പൊലീസിനെ സംബന്ധിച്ച് ശ്രമകരമായ ജോലിയാണ്.നടൻ ദിലീപും പൾസർ സുനിയും തമ്മിൽ ഗൂഢാലോചന നടത്തിയെന്നും ദിലീപ് പൾസർ സുനിക്ക് ക്വട്ടേഷൻ കൊടുത്തെന്നും കുറ്റപത്രത്തിൽ ആരോപണം ഉണ്ടാകും.


നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ കണ്ടെത്താനായില്ലെന്നതാണ് അന്വേഷണത്തിലെ പ്രധാന ന്യൂനത.എന്നാൽ പ്രതികൾ മൊബൈൽ ഫോൺ ആസൂത്രിതമായി ഒളിപ്പിക്കുകയോ നശിപ്പിക്കുകയോ ചെയ്തുവെന്ന് അന്വേഷണ സംഘം നിലപാടെടുക്കും.പക്ഷെ ക്രൂരമായ പീഡനം വെളിവാക്കുന്ന ദൃശ്യങ്ങൾ കോടതിയിൽ പ്രധാന തെളിവാകും.ശാസ്ത്രീയ തെ‍ളിവുകളുടെ അടിസ്ഥാനത്തിൽ ദിലീപിനെതിരായ ഗൂഢാലോചനക്കുറ്റം തെളിയിക്കാമെന്ന് അന്വേഷണ സംഘം കരുതുന്നു.



Sharing is Caring