ചാലക്കുടി ക്വട്ടേഷൻ കൊലയിൽ മൂന്നു പേർ കൂടി പിടിയിൽ, ഇവർ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് പോലീസ്


പരിയാരത്ത് റിയൽ എസ്റ്റേറ്റ് ബ്രോക്കർ രാജീവനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരൻ എന്ന് കരുതുന്ന ചക്കര ജോണി, സഹായികളായ രഞ്ജിത്, സുതൻ എന്നിവരാണ് പിടിയിലായത്.


സംഭവത്തിനു ശേഷം മുങ്ങിയ ജോണിയേയും രഞ്ജിത്തിനെയും പാലക്കാട് നിന്നാണ് പിടികൂടിയത്. ഇവരെ ഒളിവിൽ പോകാൻ സഹായിച്ച കുറ്റത്തിനാണ് സുതനെ അറസ്റ്റ് ചെയ്തത്. ജോണിയുടെ ഭാര്യാ സഹോദരൻ അടക്കം നാല് പേർ നേരത്തെ പിടിയിലായിരുന്നു.


അറസ്റ്റ് ചെയ്ത മൂവരും അന്വേഷണ സംഘത്തോട് ചോദ്യം ചെയ്യലിൽ സഹകരിക്കുന്നില്ല എന്നാണ് ലഭിക്കുന്ന വിവരം. കൊലക്കുത്തരവാദികൾ തങ്ങൾ തന്നെയെന്നാണ് പ്രതികൾ ആവർത്തിച്ചു പറയുന്നത്. അഭിഭാഷകനെ വിളിച്ചതെന്തിനാണ് എന്ന ചോദ്യത്തിന് ഉത്തരം നല്കാനും ഇവർ തയ്യാറല്ല. ഏതെങ്കിലും അഭിഭാഷകൻ പറഞ്ഞു കൊടുത്ത മൊഴിയാണോ ഇവർ പറയുന്നതെന്നാണ് പോലീസിന്റെ സംശയം.



Sharing is Caring