നടിക്ക് പീഡനം: പള്‍സര്‍ സുനി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി


പ്രമുഖ മലയാള സിനിമാ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. അഭിഭാഷകന്‍ മുഖേനയാണ് ജാമ്യാപേക്ഷ നല്‍കിയത്.


സുനിക്കു പുറമേ കേസിലെ മറ്റു പ്രതികളായ മണികണ്ഠനും ബിജീഷും ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. ചിലര്‍ കുടുക്കിയതാണെന്നും നിരപരാധിത്വം തെളിയിക്കാന്‍ അവസരം നല്‍കണമെന്നാവശ്യപ്പെട്ടാണ് ജാമ്യാപേക്ഷ. അപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും. എന്നാല്‍ 18 ന് രാത്രി പ്രതികള്‍ നേരിട്ടെത്തിയാണ് ജാമ്യാപേക്ഷ നല്‍കിയതെന്നും മൊബൈല്‍ ഫോണും പാസ്പോര്‍ട്ട് തുടങ്ങിയ രേഖകളും ഏല്‍പ്പിച്ചെന്നും അഭിഭാഷകന്‍ പറഞ്ഞു.


അതേസമയം, പള്‍സര്‍ സുനിയെ പിടികൂടാനുള്ള ശ്രമം പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. പള്‍സര്‍ സുനി കേരളം വിടാനുള്ള സാധ്യതയില്ലെന്നാണ് പോലീസിന്റെ നിഗമനം. ലുക്ക് ഓട്ട് നോട്ടീസ് ഇറക്കിയതിനാല്‍ വിമാനത്താവളങ്ങള്‍ വഴി വിദേശത്തേക്കു കടക്കാന്‍ സാധിക്കുകയില്ല. നടിയെ തട്ടിക്കൊണ്ടുപോകാന്‍ പള്‍സര്‍ സുനി 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായാണ് പിടിയിലായവര്‍ പോലീസിനെ അറിയിച്ചിരിക്കുന്നത്. സുനി വിളിച്ചാട്ടാണ് വന്നതെന്നും ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്.

പ്രതികള്‍ സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലര്‍ ഫോറന്‍സിക് വിഭാഗം പരിശോധിച്ചിരുന്നു.



Sharing is Caring