ദിലീപിന്‍റെ മാനേജർ അപ്പുണ്ണിയെ ഉടൻ അറസ്റ്റു ചെയ്യുമെന്ന് സൂചന


നടിയെ ആക്രമിച്ച സംഭവത്തിൽ ദിലീപിന്‍റെ മാനേജർ അപ്പുണ്ണിയെ ഉടൻ അറസ്റ്റു ചെയ്യുമെന്ന് സൂചന.കേസിൽ മാപ്പുസാക്ഷിയാക്കാനുളള സാധ്യത അവസാനിച്ചതോടെ വൈകാതെ അപ്പുണ്ണി അ‍ഴിക്കുളളിലാകുമെന്നാണ് ലഭിക്കുന്ന സൂചന.


നേരത്തെ ഒളിവിലായിരുന്ന അപ്പുണ്ണി പൊലീസിനു മുന്നിലെത്തി ചോദ്യം ചെയ്യലിനു ഹാജരായിരുന്നു.മുൻകൂർ ജാമ്യ സാധ്യതകൾ അസ്തമിച്ചതോടെയാണ് അപ്പുണ്ണി പൊലീസിനോട് സഹകരിച്ചത്.അപ്പുണ്ണിയുടെ ചോദ്യം ചെയ്യലിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് പൾസർ സുനിയെ വീണ്ടും ചോദ്യം ചെയ്തിരുന്നു.ഇതിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന.


ഒന്നാംപ്രതി സുനിയുമായി അപ്പുണ്ണി സംസാരിച്ചതിനും കൂടിക്കാ‍ഴ്ച നടത്തിയതിനും നിരവധി തെളിവുകളുണ്ട്.ജയിലില്‍നിന്ന് സഹതടവുകാരനായ വിഷ്ണുവിന്റെ കൈയില്‍ സുനി കൊടുത്തുവിട്ട കത്ത് ഏലൂരിലെ ടാക്‌സി സ്റ്റാന്‍ഡില്‍വെച്ചാണ് അപ്പുണ്ണി കൈപ്പറ്റിയത്. സുനി ജയിലില്‍നിന്ന് വിളിച്ചപ്പോള്‍ ദിലീപിനൊപ്പം ഉണ്ടായിരുന്നുവെന്ന് ചോദ്യംചെയ്യലില്‍ അപ്പുണ്ണി സമ്മതിച്ചിട്ടുണ്ട്. അപ്പുണ്ണിയുടെ കാറ്ററിംഗ് വാഹനത്തിന്‍റെ ഡ്രൈവറായിരുന്നു സുനി.നടിയെ ആക്രമിച്ചതിന്റെ തലേന്ന് മൂന്നാറില്‍നിന്നാണ് സുനി കാറ്ററിങ് വാനുമായി കൊച്ചിയിലേക്ക് വന്നത്. മൂന്നാറിലെ ഷൂട്ടിങ് ലൊക്കേഷനില്‍വെച്ചാണ് സുനി പദ്ധതി തയ്യാറാക്കിയത്. ഇതൊക്കെ അപ്പുണ്ണിയുടെ അറിവോടെയായിരിക്കുമെന്നാണ് പോലീസ് കരുതുന്നത്.

അതേസമയം കാവ്യാ മാധവനെ കേസിൽ ഉൾപ്പെടുത്താനുളള സാധ്യത മങ്ങി.സുനിയെ അറിയില്ലെന്ന കാവ്യയുടെ മൊ‍ഴി പൊളിഞ്ഞെങ്കിലും ഗൂഢാലോചനയിൽ കാവ്യയ്ക്കു പങ്കുണ്ടെന്നതിനു തെളിവ് പൊലീസിന് ലഭിച്ചിട്ടില്ല.



Sharing is Caring