ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജു വാര്യരല്ലെന്ന് പോലീസ്


നടന്‍ ദിലീപിന്റെ ആദ്യവിവാഹം സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ തേടി പോലീസ്. നടി മഞ്ജു വാരിയരെ അല്ല ദിലീപ് ആദ്യം വിവാഹം ചെയ്തതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. മഞ്ജു വാര്യര്‍ക്കും മുമ്പ് ദിലീപ് വിവാഹിതനായിരുന്നുവെന്നും അകന്ന ബന്ധുവായ യുവതിയാണ് ദിലീപിന്റെ ആദ്യഭാര്യ എന്നുമാണ് പോലീസിന്റെ കണ്ടെത്തല്‍.


ആലുവ ദേശം രജിസ്ട്രാര്‍ ഓഫീസിലാണ് രജിസ്റ്റര്‍ വിവാഹം ചെയ്തത്. മിമിക്രിതാരം അബിയായിരുന്നു ഇതിന് സാക്ഷിയെന്നും പോലീസ് പറഞ്ഞതായി മംഗളം ചാനലാണ് വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടു മിമിക്രി താരം അബിയില്‍നിന്ന് പോലീസ് മൊഴിയെടുത്തു. രേഖകള്‍ കണ്ടെടുക്കാന്‍ ശ്രമം തുടരുകയാണ്.


നടിയെ ആക്രമിച്ച കേസില്‍ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കുറ്റത്തിന് അറസ്റ്റിലായി ആലുവ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ് ദിലീപ് ഇപ്പോള്‍. ദിലീപിനെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്തതില്‍ നിന്നുമാണ് ആദ്യ വിവാഹം മഞ്ജുവുമായല്ലെന്ന് അറിയാന്‍ കഴിഞ്ഞത്. ഈ ബന്ധം ഒഴിവാക്കിയാണ് ദിലീപ് 1998 ഒക്ടോബര്‍ 22 ന് മഞ്ജു വാര്യരെ വിവാഹം കഴിച്ചത്. 2015 ല്‍ ഈ വിവാഹബന്ധം വേര്‍പെട്ട ശേഷമായിരുന്നു കാവ്യാ മാധവനുമായുള്ള വിവാഹം.

സിനിമാതാരമായി മാറുന്നതിന് മുമ്പ് മിമിക്രി അവതരിപ്പിച്ച് നടക്കുന്നതിനിടെ ബന്ധുവുമായി പ്രണയത്തിലാകുകയും സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം ചെയ്‌തെന്നുമാണ് വിവരം. പോലീസ് ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇക്കാര്യം അന്വേഷിക്കാനായി പ്രത്യേക ടീമിനെ തന്നെ നിയോഗിച്ചിരിക്കുയാണെന്നുമാണ് വാര്‍ത്തകള്‍.

നടിയെ ആക്രമിച്ച കേസില്‍ തന്റെ മൊഴിയെടുത്തിട്ടില്ലെന്ന് നടന്‍ അബി.

മഞ്ജുവാര്യരെ വിവാഹം ചെയ്യുന്നതിന് മുമ്പ് ദിലീപ് തന്റെ അമ്മാവന്റെ മകളെ വിവാഹം ചെയ്തിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ദിലീപിന്റെ ആദ്യകാല സുഹൃത്തുക്കളിലൊരാളെന്ന നിലയില്‍ തന്നെ ചോദ്യം ചെയ്‌തെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ഇത്തരമൊരു വിവാഹത്തില്‍ താന്‍ പങ്കെടുത്തിട്ടില്ലെന്നും അബി അറിയിച്ചു.
ദിലീപിന്റെ ആദ്യ വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ കേവലം കേട്ടുകേള്‍വി മാത്രമാണെന്നും അന്നും ഇന്നും ദിലീപിന്റെ വ്യക്തിപരമായ കാര്യങ്ങളില്‍ താന്‍ ഇടപെട്ടിട്ടില്ലെന്നും നടന്‍ വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ടോ അല്ലാതെയോ കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നും അബി പൊലീസിനോട് പറഞ്ഞു.



Sharing is Caring