മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കേരളത്തിലേക്ക് പോകുന്നതിനുള്ള സുരക്ഷ ചെലവിനായി 14 ലക്ഷം രൂപ നല്‍കണമെന്ന കര്‍ണാടക പോലീസ് ഉത്തരവില്‍ ഇടപെടല്‍ ആവശ്യപെട്ട് അബ്ദുല്‍ നാസര്‍ മഅ്‌ദനി ഇന്ന് സുപ്രീം കോടതിയെ സമീപിക്കും. സുരക്ഷയുടെ പേരില്‍ ഭീമമായ തുക ഈടാക്കാനുള്ള പോലീസ് നീക്കം ഒഴിവാക്കിതരണമെന്ന് മഅ്ദനി ആവശ്യപ്പെടും.
സുരക്ഷക്കായി ന്യായമായ തുക മാത്രമെ ഈടാക്കു എന്ന് കോടതിക്ക് നല്‍കിയ ഉറപ്പ് കര്‍ണാടക സര്‍ക്കാര്‍ ലംഘിച്ചെന്നാണു ആരോപണം. ഒന്ന് മുതല്‍ 14 വരെ 13 ദിവസം കേരളത്തില്‍ തുടരാനാണ് മഅദനിക്ക് അനുമതിയുള്ളത്. മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ സുപ്രീംകോടതിയാണ് മഅദനിക്ക് 7 ദിവസത്തെ അനുമതി നല്‍കിയത്.

അതേസമയം മഅ്‌ദനിയുടെ കേരളത്തിലെ സുരക്ഷാ ചെലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ചിരുന്നു. സുരക്ഷാ ചെലവ് മഅ്ദനിയുടെ കുടുംബത്തിന് താങ്ങാനാകില്ലെന്ന് കത്തില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
മഅ്‌ദനിയുടെ സുരക്ഷ വീഴ്ചകൂടാതെ ഒരുക്കുമെന്നും ചെലവുകള്‍ കേരള സര്‍ക്കാര്‍ വഹിക്കുമെന്നും കത്തില്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. സുരക്ഷാ ചെലവുകളുടെ കാര്യത്തില്‍ കര്‍ണാട സര്‍ക്കാര്‍ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കിയതോടെയാണ് കേരളം നിലപാടെടുത്തത്.
ബംഗളൂരു സ്ഫോടന കേസില്‍ ദീര്‍ഘനാളായി വിചാരണ തടവുകാരനാണ് പിഡിപി അധ്യക്ഷന്‍ ആയ അബ്ദുള്‍ നാസര്‍ മഅ്‌ദനി. ദീര്‍ഘനാള്‍ വിചാരണ കൂടാതെ തടവില്‍ പാര്‍പ്പിക്കുന്നത് നീതിനിഷേധമാണെന്ന് സുപ്രീംകോടതിതന്നെ വ്യക്തമാക്കിയിട്ടുണ്ട്. അസുഖബാധിതയായ ഉമ്മയെ കാണാനും മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനുമായാണ് മഅ്ദനി ജാമ്യം തേടിയത്.













