ഇന്നലെ അന്തരിച്ച തിരക്കഥാകൃത്ത് ടിഎ റസാഖിന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചുവെന്ന് ആരോപണവുമായി സുഹൃത്തുക്കള്‍. അവശ കലാകാരന്മാരെ സഹായിക്കാനായി കോഴിക്കോട് നടന്ന മോഹനം എന്ന താരനിശയ്ക്കു വേണ്ടി ടിഎ റസാഖിന്റെ മരണ വാര്‍ത്ത മറച്ചുവച്ചുവെന്ന് സംവിധായകനായ അലി അക്ബര്‍ ആരോപിച്ചു. രാവിലെ 11.30 ഓടെയാണ് ടിഎ റസാഖ് മരിച്ചതെന്നും എന്നാല്‍ പരിപാടി മുടങ്ങാതിരിക്കാനായി മരണ വിവരം മറച്ചുവച്ചുവെന്നും മൃതദേഹം റോഡരികില്‍ വച്ചുകൊണ്ട് വൈകിപ്പിച്ചുവെന്നും അലി അക്ബര്‍ ആരോപിക്കുന്നു.
ടിഎ റസാഖിന്റെ മൃതദേഹത്തോട് കാണിച്ചത് കടുത്ത അനാദരവാണെന്നും സംസഥാനത്തിന്റെ എല്ലാ ബഹുമതികളും നല്‍കേണ്ട ടിഎ റസാഖിന് കോഴിക്കോടെ കലാകാരന്മാരും സിനിമ പ്രവര്‍ത്തകരും കാണിച്ചത് നീതിയല്ലെന്നും അലി അക്ബര്‍ പറഞ്ഞു.

മൃതദേഹം വൈകിപ്പിച്ചുവെന്നത് വാസ്തവമാണെങ്കില്‍ അത് ഒരിക്കലും മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്നും അദ്ദേഹത്തിന്റെ അന്ത്യനിമിഷങ്ങളോട് സാംസ്‌കാരിക കേരളം കാണിച്ചത് കടുത്ത അവഗണനയാണെന്നും സംവിധായകന്‍ വിനയന്‍ പ്രതികരിച്ചു. പണത്തിനു വേണ്ടി കലാകേരളം ടിഎ റസാഖിനോട് നീതി പുലര്‍ത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.













