തമിഴ്‌നാട്ടില്‍ റാഗിംഗിന് ഇരയായ മലയാളി വിദ്യാര്‍ത്ഥിക്ക് കാഴ്ച നഷ്ടമായി


തമിഴ്‌നാട്ടിലെ മാര്‍ത്താണ്ഡം കുലശേഖരപുരത്ത് പോളിടെക്‌നിക് കോളേജിലേക്ക് മലയാളി വിദ്യാര്‍ത്ഥി ക്രൂരമായ റാഗിംഗിന് ഇരയായി. കണ്ണൂര്‍ ഉളിക്കല്‍ മണിപ്പാറയിലെ കെജെ പാനൂസിന്റെ മകന്‍ അജയ് (18) ആണ് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിംഗിനിരയായി ഇടത് കണ്ണിന്റെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ട നിലയില്‍ വീട്ടില്‍ തിരിച്ചെത്തിയത്. കുലശേഖരപുരത്തെ ബിഡബ്ല്യുഡിഎ പോളിടെക്‌നിക് കോളജിലെ ഒന്നാം വര്‍ഷ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ അജയാണ് ഹോസ്റ്റലില്‍ വച്ച് മുതിര്‍ന്ന വിദ്യാര്‍ത്ഥികളുടെ ക്രൂര മര്‍ദ്ദനത്തിനിരയായിത്. കഴിഞ്ഞ ആറാം തീയതി രാവിലെയാണു അജയ് റാഗിംഗിനിരയായത്.


തലയ്ക്കു പിന്നിലും ഇടതു കണ്ണിലും മര്‍ദനമേറ്റതിനെ തുടര്‍ന്ന് അജയ് നിര്‍ത്താതെ രക്തം ഛര്‍ദിച്ചു. ഹോസ്റ്റലില്‍ ആരുമില്ലാത്ത തക്കം നോക്കിയായിരുന്നു മര്‍ദ്ദനം. ക്രൂരമായി മര്‍ദ്ദിച്ച അജയിനെ വെള്ളം കുടിക്കാന്‍പോലും അനുവദിക്കാതെ മുറിയില്‍ ഉപേക്ഷിച്ച് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ കടന്നുകളഞ്ഞു.


ഉച്ചയോടെ ഭക്ഷണം കഴിക്കാന്‍ ഹോസ്റ്റലിലെത്തിയ സഹപാഠികളാണ് ഛര്‍ദ്ദിച്ച് അവശനായി കിടക്കുന്ന അജയിനെ കണ്ടെത്തിയത്. അബോധാവസ്ഥയിലായിരുന്ന അജയിനെ സഹപാഠികള്‍ സമീപത്തെ ആശുത്രിയിലെത്തിച്ചതും വീട്ടിലെത്തിച്ചതും സഹപാഠികളാണ്. ഹോസ്റ്റലിലെ മറ്റ് വിദ്യാര്‍ത്ഥികള്‍ വിവരം കേളേജ് അധികൃതരെ അറിയിച്ചെങ്കിലും ആരും തിരിഞ്ഞ് നോക്കിയില്ല. വിദ്യാര്‍ത്ഥികള്‍ തന്നെയാണ് അജയുടെ വീട്ടിലും വിവരമറിച്ചത്. ബന്ധുക്കളെത്തി അജയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചാണ് വിദഗ്ധ ചികിത്സ നല്‍കിയത്.



Sharing is Caring