ജിയോയുടെ എല്ലാ ഓഫറുകളും പരിശോധിക്കും: ട്രായ്


ജിയോയുടെ സൗജന്യ സേവനം മാര്‍ച്ച് 31 വരെ നീട്ടിയ തീരുമാനത്തിന് പിന്നാലെ ജിയോയുടെ എല്ലാ ഓഫറുകളും പരിശോധിക്കുമെന്ന് ട്രായ്. ജിയോ മുന്നോട്ടുവയ്ക്കുന്ന എല്ലാ താരിഫ് നിരക്കുകളും സൗജന്യ സേവനങ്ങളും പരിശോധിക്കുമെന്നും കൃത്യമായ സമയത്ത് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്നും ട്രായ് ചെയര്‍മാന്‍ ആര്‍.എസ് ശര്‍മ്മ പറഞ്ഞു.


ജിയോയുടെ പുതിയ ഓഫറിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിപറയുകയായിരുന്നു അദ്ദേഹം. ഡിസംബര്‍ 31 വരെ സൗജന്യ സേവനം നല്‍കാന്‍ ട്രായ് ജിയോയെ അനുവദിച്ചിരുന്നു. എന്നാല്‍ മാര്‍ച്ച് 31 വരെ സൗജന്യ ഓഫര്‍ നീട്ടണമെങ്കില്‍ ജിയോ ട്രായുടെ അനുമതി വീണ്ടും തേടേണ്ടി വരും.


ഡിസംബര്‍ 31 വരെയായിരുന്നു വെല്‍ക്കം ഓഫറിന്റെ കാലാവധി ആദ്യം പ്രഖ്യാപിച്ചിരുന്നത്. ജിയോ ഹാപ്പി ന്യൂ ഇയര്‍ എന്ന പേരില്‍ ഈ കാലാവധി വീണ്ടും നീട്ടി. ഡിസംബര്‍ നാല് മുതല്‍ എല്ലാ പുതിയ ജിയോ ഉപഭോക്താവിനും 2017 മാര്‍ച്ച് 31 വരെ സൗജന്യ സേവനങ്ങള്‍ ലഭിക്കുമെന്ന് മുകേഷ് അംബാനി ഇന്നലെ വ്യക്തമാക്കിയിരുന്നു.

നിലവിലെ 52 മില്ല്യണ്‍ ഉപഭോക്താക്കള്‍ക്ക് ഡിസംബര്‍ 31 വരെ വെല്‍ക്കം ഓഫറിന്റെ സൗജന്യ സേവനങ്ങള്‍ ലഭിക്കും. തുടര്‍ന്നുള്ള സൗജന്യ സേവനങ്ങള്‍ക്കായുള്ള ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ ഓട്ടോമാറ്റിക് ആയി ഉപഭോക്താക്കളുടെ നമ്പറുകളില്‍ ആക്ടീവ് ആകുമെന്നും മുകേഷ് അംബാനി അറിയച്ചിരുന്നു.



Sharing is Caring