ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡിനു പകരം ആധാര്‍ കാര്‍ഡ് : പദ്ധതി ഉടന്‍


രാജ്യത്തെ എല്ലാ ഇടപാടുകള്‍ക്കും ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡിനു പകരം ആധാര്‍ കാര്‍ഡ് ഉപയോഗിക്കുന്നതിനുള്ള നടപടി തുടങ്ങി. കറന്‍സി രഹിത സമൂഹത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രം പുതി പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി പുതിയ മൊബൈല്‍ ആപ്പും കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിക്കും.


ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങാന്‍ മൊബൈല്‍ ആപ്പില്‍ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് പിന്‍ നമ്പറുകളും പാസ്‌വേര്‍ഡും ചേര്‍ത്തിരിക്കും. ഇത് ഉപയോഗിച്ചാണ് വാങ്ങുന്നത്. ആപ്പില്‍ ഇവ ചേര്‍ത്തിട്ടുള്ളതിനാല്‍ പിന്നീട് ആധാര്‍ കാര്‍ഡ് ഉണ്ടെങ്കില്‍ അതുവഴി പണം കൈമാറ്റം ചെയ്യാം.ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സര്‍ക്കാരിന്റെ ഡിജിറ്റല്‍ നയം അടുത്തുതന്നെ പുറത്തിറങ്ങും.


ഇതുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കായി ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കും. ആധാര്‍ കാര്‍ഡ് വിതരണ പരിപാടികളും വേഗത്തിലാക്കിയിട്ടുണ്ട്. ഇതിനുള്ള ആദ്യപടിയായി 1.31 കോടി പുതിയ ആധാര്‍ കാര്‍ഡുകളാണ് കഴിഞ്ഞദിവസം വിതരണം ചെയ്തതെന്ന് യുഐഡിഎഐ സിഇഒ അജയ് ഭൂഷണ്‍ പാണ്ഡെ അറിയിച്ചു.

സര്‍ക്കാര്‍ ജീവനക്കാരുടെ ഹാജര്‍ രേഖപ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ളവയ്ക്ക് ബയോമെട്രിക് സംവിധാനം വഴി ആധാര്‍ കാര്‍ഡ് ഉപയോഗിക്കാം. നിലവില്‍ രാജ്യത്തെ 99 ശതമാനം മുതിര്‍ന്ന പൗരന്മാര്‍ക്കും ആധാര്‍കാര്‍ഡ് വിതരണം ചെയ്തിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ടുകളുമായും ആധാര്‍ കാര്‍ഡിനെ ബന്ധിപ്പിക്കാം. ഇതിലൂടെ ആധാര്‍ വഴിയുള്ള പണമിടപാട് (ആധാര്‍ എനേബിള്‍ഡ് പേമെന്റ് സിസ്റ്റം), ബാലന്‍സ് പരിശോധിക്കല്‍, പണ നിക്ഷേപം, പിന്‍വലിക്കല്‍, കൈമാറ്റം എന്നിവ സാധ്യമാക്കാം. രാജ്യത്തെ പണമിടപാടുകള്‍ കുറയ്ക്കുന്നതിനും കറന്‍സി രഹിത കൈമാറ്റങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുമാണ് ഈ നടപടിയെന്ന് നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത് അറിയിച്ചു.

അതേസമയം ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ മൊബൈല്‍ ഫോണുകളും ബയോമെട്രിക് സംവിധാനം ഉപയോഗിക്കുന്ന വിധത്തില്‍ പുറത്തിറക്കണമെന്ന് നിര്‍മ്മാതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും കാന്ത് അറിയിച്ചു. ഇവയെല്ലാം നടപ്പിലാവുന്നതോടെ രാജ്യത്ത് ഒരു വര്‍ഷത്തിനുള്ളില്‍ കറന്‍സി ഉപയോഗം കുറച്ച് ഡിജിറ്റല്‍ പേമെന്റ് സംവിധാനം കൊണ്ടുവരുമെന്നും കാന്ത് കൂട്ടിച്ചേര്‍ത്തു.



Sharing is Caring