സിറിയയില്‍ ആഭ്യന്തരയുദ്ധം രൂക്ഷം; അലെപ്പോയില്‍ 31,500 പേരെ മാറ്റിപ്പാര്‍പ്പിച്ചു


സൈന്യവും വിമതരുമായി കനത്ത ഏറ്റുമുട്ടല്‍ തുടരുന്ന സിറിയിലെ അലെപ്പോയില്‍നിന്ന് 31,500 പേരെ ആറു ദിവസത്തിനുള്ളില്‍ മാറ്റി പാര്‍പ്പിച്ചതായി ഐക്യരാഷ്ട്രസംഘടന. യുനിസെഫിന്റെ കണക്കുപ്രകാരം മാറ്റിപാര്‍പ്പിച്ചവരില്‍ 19,000ത്തിലേറെ പേര്‍ കുട്ടികളാണ്.
ഞെട്ടിക്കുന്ന കണക്കുകളാണ് ഇതുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസംഘടന പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ 24-ാം തീയതി മുതല്‍ 30-ാം തീയതി വരെയുള്ള ദിവസങ്ങളില്‍ മാത്രം അലെപ്പോയില്‍നിന്ന് ആകെ മാറ്റിപാര്‍പ്പിച്ചത് 31,500 പേരെ. സിറിയന്‍ സര്‍ക്കാരിന്റെ അധീനതയിലുള്ള ജിബ്രീനിലേക്കും കുര്‍ദ് ജനസംഖ്യ കൂടുതലുള്ള ഷെയ്ക് മക്സൂദിലേക്കുമാണു കൂടുതല്‍ പേരെയും മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്.


റഷ്യന്‍ സൈന്യവുമായി ചേര്‍ന്നു സിറിയ തുടരുന്ന രൂക്ഷമായ ഏറ്റുമുട്ടല്‍ അലെപ്പോയെ പ്രേതനഗരമാക്കി മാറ്റിയിരിക്കുന്നു.
നിരവധി വ്യോമാക്രമണങ്ങളാണ് അലെപ്പോയില്‍ ദിവസവും നടക്കുന്നത്. യുനിസെഫിന്റെ കണക്കുപ്രകാരം മാറ്റിപാര്‍പ്പിച്ചവരില്‍ 19,000ത്തിലേറെ പേര്‍ കുട്ടികളാണ്. ഇതില്‍ തന്നെ ഒട്ടേറെ കുട്ടികള്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റിരിക്കുന്നു. അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട് അനാഥരായവരും കൂട്ടത്തിലുണ്ട്. ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തില്‍ ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടങ്ങളില്‍ അകപ്പെട്ടിരിക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമം ഇപ്പോഴും തുടുരുകയാണ്.




Sharing is Caring