അണ്ടർ 17 ലോകകപ്പിൽ കെയ്റ്റോ നകാമുറയുടെ ഹാട്രിക്ക് മികവിൽ ജപ്പാന് ഗംഭീര വിജയം. ഹോണ്ടുറാസിനെ ജപ്പാൻ ഒന്നിനെതിരെ ആറു ഗോളുകൾക്ക് പരാജയപ്പെടുത്തി. ആദ്യപകുതിയിലായിരുന്നു നകാമുറയുടെ ഹാട്രിക്. 22, 30, 43 മിനിറ്റുകളിൽ നകാമുറ ലക്ഷ്യംകണ്ടു. ആദ്യപകുതിയിൽ വിസിൽ വീഴുന്നതിനുമുമ്പെ തകെഫുസ കോബു (45) ജപ്പാന്റെ നാലാം ഗോൾ കണ്ടെത്തി.
ഇതിനിടെ ഒരു ഗോൾ ജപ്പാൻ വഴങ്ങിയിരുന്നു. മുപ്പത്തിയാറാം മിനിറ്റിൽ പാട്രിക് പലേഷ്യസാണ് ഹോണ്ടുറാസിന്റെ ആശ്വാസഗോൾ നേടിയത്. രണ്ടാം പകുതിയിൽ വീണ്ടും ജപ്പാൻ ഹോണ്ടുറാസ് വലചലിപ്പിച്ചു. മിയാരോ (51), തോയിച്ചി സുസുക്കി (90) എന്നിവരാണ് പട്ടിക തികച്ചത്.

മറ്റൊരു മത്സരത്തിൽ ഇറാക്കും മെക്സിക്കോയും ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞു. കളിയുടെ പതിനാറാം മിനിറ്റിൽ ലീഡെടുത്ത ഇറാക്കിനെ രണ്ടാം പകുതിയിൽ മെക്സിക്കോ സമനിലയിൽ പിടിക്കുകയായിരുന്നു. മുഹമ്മദ് ദാവൂദാണ് ഇറാക്കിന് നൽകിയത്. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ റോബർട്ടോ ഡി റോസയിലൂടെ മെക്സിക്കോ സമനില പിടിച്ചു.













