അണ്ടര്‍ 17 ലോകകപ്പില്‍ കൊളംബിയക്കെതിരായ മത്സരത്തില്‍ ആതിഥേയരായ ഇന്ത്യക്ക് തോല്‍വി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യന്‍ തോല്‍വി.
നേരത്തെ അമേരിക്കയുമായുള്ള ആദ്യ മത്സരവും ഇന്ത്യ പരാജയപ്പെട്ടിരുന്നു. തുടര്‍ തോല്‍വികളോടെ ഇന്ത്യയുടെ പ്രീക്വാര്‍ട്ടര്‍ പ്രവേശന സാധ്യത നേരിയതായി. അടുത്ത മത്സരം ഘാനയെ വലിയ ഗോള്‍ വ്യത്യാസത്തില്‍ തോല്‍പ്പിക്കുകയും. ഗ്രൂപ്പിലെ മറ്റ് ടീമുകളുടെ മത്സരഫലവും ഇന്ത്യന്‍ സാധ്യതകളെ നിര്‍ണ്ണയിക്കും. നേരത്തെ ഇരു ടീമുകളും പൊരുതി കളിച്ച ആദ്യ പകുതിയില്‍ ഗോളുകളൊന്നും വീണിരുന്നില്ല. കൊളംബിയന്‍ ആക്രമത്തെ കെട്ടുറപ്പോടെ നേരിട്ട ഇന്ത്യ അവസരം കിട്ടിയപ്പോള്‍ അക്രമിക്കാനും മറന്നില്ല.

എന്നാല്‍ രണ്ടാം പകുതി തുടങ്ങിയ ഉടന്‍ കൊളംബിയ ആദ്യ വെടി പൊട്ടിച്ചു. 49ാം മിനിറ്റില്‍ ഇടത് ബോട്ടം കോര്‍ണറില്‍ നിന്ന് ജുവാന്‍ പെനാലോസയാണ് ഇന്ത്യന്‍ പോസ്റ്റിലേക്ക് ആദ്യവെടിയുതിര്‍ത്തത്. 82ാം മിനിറ്റില്‍ ഇന്ത്യയുടെ ജിക്സന് തനൌജമണാണ് ഹെഡറിലുടെ ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ സെക്കന്റുകള്‍ക്കുള്ളില്‍ പെനാലോസയിലൂടെ ഗോള്‍ തിരിച്ചടിച്ച് കൊളംബിയ ശക്തി കാട്ടി.
അമേരിക്കയുമയുള്ള ആദ്യ മത്സരത്തിനേക്കാള്‍ ഏറെ മികച്ച പ്രകടനമാണ് രണ്ടാം മത്സരത്തില്‍ ഇന്ത്യ പുറത്തെടുത്തതും. ആദ്യമത്സരം ഘാനയ്ക്കെതിരെ എതിരില്ലാത്ത ഒരു ഗോളിന് കൊളംബിയ തോറ്റിരുന്നു. എന്നാല്‍ ശാരീരികക്ഷമതയിലും സാങ്കേതികത്തികവിലും ഇന്ത്യക്കുമുന്നിലായിരുന്നു അവര്‍. ലോകകപ്പില്‍ രണ്ടുതവണ മൂന്നാംസ്ഥാനം നേടിയിട്ടുള്ള ടീമാണ് കൊളംബിയ.













