ചോക്കലേറ്റ് കേക്ക്


ആവശ്യമായ ചേരുവകള്‍


.മൈദ- ഒരു കപ്പ്
.കൊക്കോ പൗഡര്‍ (മധുരമില്ലാത്തത്)- 3
ടേബിള്‍സ്പൂണ്‍
.ബേക്കിംഗ് സോഡ- അര ടീസ്പൂണ്‍
.ഉപ്പ്- ഒരു നുള്ള്
.ഇന്‍സ്റ്റന്റ് കോഫീ പൗഡര്‍- അര ടീസ്പൂണ്‍
.മുട്ട- രണ്ടെണ്ണം
.പാല്‍- അരക്കപ്പ്
.വാനില എസ്സെന്‍സ് – ഒരു ടീസ്പൂണ്‍
.പഞ്ചസാര പൊടിച്ചത് – ഒരു കപ്പ്
.വെജിറ്റബിള്‍ ഓയില്‍ – കാല്‍ കപ്പ്


തയ്യാറാകുന്ന വിധം

ആദ്യം തന്നെ മുട്ട, പാല്‍ അടക്കമുള്ള എല്ലാ ചേരുവകളും സാധാരണ ഊഷ്മാവില്‍ ആണെന്ന് ഉറപ്പാക്കുക. ഫ്രിഡ്ജില്‍ ഉള്ളവ നേരത്തേ പുറത്തെടുത്ത് വെക്കുക. ഓവന്‍ 180 ഡിഗ്രി സെല്‍ഷ്യസില്‍ പത്ത് മിനിട്ട് നേരം പ്രീഹീറ്റ് ചെയ്തുവെക്കുക. ഏഴിഞ്ച് വലുപ്പത്തിലുള്ള കേക്ക് പാത്രത്തില്‍ എണ്ണ പുരട്ടിമാറ്റിവെക്കുക. ഒരു മിക്‌സിംഗ് ബൗളില്‍ മൈദയും ബേക്കിംഗ് സോഡയും കൊക്കോ പൗഡറും ഉപ്പും ചേര്‍ത്ത് മിക്‌സ് ചെയ്തുവെക്കുക.

മറ്റൊരു പാത്രത്തില്‍ പാലും കാപ്പിപ്പൊടിയും മിക്‌സ് ചെയ്തുവെക്കുക. വലിയൊരു ബൗളില്‍ മുട്ടയും വാനില എസ്സെന്‍സും ഇലക്‌ട്രിക് ഹീറ്റര്‍ ഉപയോഗിച്ച്‌ മൂന്ന് മിനിറ്റോളം അത്യാവശ്യം വേഗതയില്‍ നല്ലവണ്ണം ബീറ്റ് ചെയ്‌തെടുക്കുക. എപ്പോഴും ബീറ്റര്‍ ഒരേ ദിശയില്‍ കറക്കാന്‍ ശ്രമിക്കുക.

ഇതിലേക്ക് പൊടിച്ച പഞ്ചസാര കൂടി ചേര്‍ത്ത് ഒരു മിനിറ്റ് കൂടി ബീറ്റ് ചെയ്യുക. ഇനി വെജിറ്റബിള്‍ ഓയില്‍ ചേര്‍ത്ത് ഒരു മിനിറ്റ് കൂടി ബീറ്റ് ചെയ്യുക. ഇനി അതിലേക്ക് പാല്‍ മിശ്രിതം ചേര്‍ത്ത് 30 സെക്കന്‍ഡ് വേഗത കുറച്ച്‌ ബീറ്റ് ചെയ്യാം. ശേഷം മൈദ മിശ്രിതം ചേര്‍ക്കാം. അല്‍പ്പാല്‍പ്പമായി വേണം മൈദ ചേര്‍ക്കാന്‍. ഒരു സ്പാറ്റ്ച്യുല കൊണ്ട് ഇത് പതുക്കെ ഇളക്കി യോജിപ്പിക്കണം. ഹാന്‍ഡ് മിക്‌സര്‍ ഉപയോഗിക്കരുത്. ഒരേ ദിശയില്‍ മിക്‌സ് ചെയ്യാനും ശ്രമിക്കണം.

ഇനി ചോക്കലേറ്റ് കേക്ക് മിശ്രിതം ബേക്കിംഗ് പാനിലേക്ക് ഒഴിക്കുക. പാന്‍ രണ്ടുതവണ പതുക്കെ തട്ടുക. കേക്ക് മിശ്രിതത്തിലെ വായുകുമിളകള്‍ പോകാനാണ് ഇങ്ങനെ ചെയ്യുന്നത്. ശേഷം പ്രീഹീറ്റ് ചെയ്ത ഓവനില്‍ കേക്ക് ബേക്ക് ചെയ്യുക. ഏതാണ്ട് 180 ഡിഗ്രി സെല്‍ഷ്യസില്‍ 30-35 മിനിറ്റ് ബേക്ക് ചെയ്യേണ്ടിവരും.

അതിനുശേഷം കേക്ക് പുറത്തെടുത്ത് ഒരു ടൂത്ത്പിക്ക് കൊണ്ട് നടുഭാഗം വെന്തിട്ടുണ്ടോ എന്ന് പരിശോധിക്കുക. ഇല്ലെങ്കില്‍ അല്‍പ്പസമയം കൂടി ബേക്ക് ചെയ്യുക. കേക്ക് റെഡി. ഇനിയിത് മറ്റൊരു പാത്രത്തിലേക്ക് മാറ്റി 10 മിനിറ്റ് തണുക്കാന്‍ വെക്കുക.



Sharing is Caring