ഗ്രൂപ്പ് അതിപ്രസരമില്ലാത്ത പുനസംഘടന ഉദ്ദേശിക്കുന്നു: സുധീരന്‍


ഗ്രൂപ്പ് അതിപ്രസരമില്ലാത്ത പുനസംഘടനയാണ് ഉദ്ദേശിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു. പുന:സംഘടനയുമായി ബന്ധപ്പെട്ട് നേരത്തെയുണ്ടായിരുന്ന പഴയ പുന: സംഘടനാ സമിതി അപ്രസക്തമായെന്നും സുധീരന്‍ പറഞ്ഞു.


കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ നേതൃമാറ്റം ചര്‍ച്ചയായില്ല. മാദ്ധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമത്തില്‍ അവര്‍ വീണുപോകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു.ഡി.എഫ് ചെയര്‍മാന്റെ കാര്യത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനമെടുക്കുമെന്നും സുധീരന്‍ അറിയിച്ചു.


അഞ്ജുബോബി ജോര്‍ജ്ജ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ അതേ അസഹിഷ്ണുതയാണ് സംസ്ഥാന സര്‍ക്കാര്‍ കാണിച്ചതെന്ന് സുധീരന്‍ കുറ്റപ്പെടുത്തി. സ്ഥാനങ്ങള്‍ വഹിക്കുന്നവരെ മാറ്റാന്‍ പുതിയ സര്‍ക്കാരിന് അധികാരമുണ്ട്. എന്നാല്‍ ഇത് നടപ്പാക്കുമ്പോള്‍ ഔചിത്യം കാണിക്കണം. അഹങ്കാരത്തോടെ ഔചിത്യം വിനിയോഗിച്ചാല്‍ അത് അധികാര ദുര്‍വിനിയോഗമായി ചിത്രീകരിക്കപ്പെടും.

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യപ്രഖ്യാപനങ്ങള്‍ പ്രത്യാശാജനകമായിരുന്നു. എന്നാല്‍ കാര്യങ്ങള്‍ ഇപ്പോള്‍ അങ്ങനെയല്ല. ഈ നിലയില്‍ പോയാല്‍ കേന്ദ്ര സര്‍ക്കാരും കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാരും ഒരുപോലെ ആകുമെന്നും സുധീരന്‍ പറഞ്ഞു.



Sharing is Caring