യൂറോകപ്പ് ഫുട്‌ബോളില്‍ ഇഞ്ചുറി സമയത്ത് നേടിയ ഗോളില്‍ ഇംഗ്ലണ്ടിനെ റഷ്യ സമനിലയില്‍ കുരുക്കി. ഇരു ടീമും ഓരോ ഗോള്‍ വീതം നേടി. യൂറോ ചരിത്രത്തില്‍ ആദ്യമായി ജയത്തോടെ തുടങ്ങാമെന്ന് കരുതിയ ഇംഗ്ലണ്ടുകാരുടെ ജീവനെടുത്തു 92ാം മിനിറ്റില്‍ ബെറെസറ്റ്‌സ്‌കിയുടെ തകര്‍പ്പന്‍ ഹെഡര്‍. ജയത്തിനും ഫൈനല്‍ വിസിലിനും ഇടയില്‍ നിമിഷങ്ങളുടെ ദൈര്‍ഘ്യത്തില്‍ ബെറെസറ്റ്‌സ്‌കിയുടെ ഫിനിഷില്‍ റഷ്യന്‍ വിപ്ലവം.
73ാം മിനിറ്റില്‍ എറിക് ഡയര്‍ നേടിയ ഫ്രീകിക്ക് ഗോളില്‍ മുന്നിലെത്തിയ ഇംഗ്ലണ്ട് ജയത്തിലേക്കെന്ന് തോന്നിച്ചപ്പോഴാണ് ഇഞ്ചുറി ടൈമിലെ ഗോള്‍ വില്ലനായത്. അവസരങ്ങളുടെ പറുദീസ തീര്‍ത്ത ഇംഗ്ലണ്ടിന് ദൗര്‍ഭാഗ്യത്തേയും പഴിക്കാം. തുടക്കംമുതല്‍ ഇംഗ്ലണ്ടിനായിരുന്നു ആധിപത്യം. മൂന്നാം മിനിറ്റില്‍ ഡേവിഡ് ലല്ലാനയുടെ ഷോട്ട് ക്രോസ്ബാറിനു മുകളിലൂടെ പറന്നതോടെയാണ് ഇംഗ്ലണ്ട് ആക്രമണം തുടങ്ങിയത്. എട്ടാം മിനിറ്റിലും 22ാം മിനിറ്റിലും ലല്ലാന ലക്ഷ്യത്തിനടുത്തെത്തിയെങ്കിലും ഗോള്‍ ഒഴിഞ്ഞുനിന്നു. 28ാം മിനിറ്റില്‍ ലല്ലാനയുടെ പാസ് കെയ്ന്‍ റഷ്യന്‍ വലയില്‍ എത്തിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. അവസരങ്ങളുടെ പെരുമഴയ്‌ക്കൊടുവില്‍ ആദ്യപകുതിയില്‍ ഇരുടീമുകളും സമനിലയില്‍ പിരിഞ്ഞു.














