ഗോരഖ്പൂരില്‍ മൂന്ന് കുട്ടികള്‍ കൂടി മരിച്ചു; ഒരാഴ്ചക്കിടെ മരണസംഖ്യ 74; വിശദീകരണം തേടി ഉത്തര്‍പ്രദേശ് സര്‍ക്കാരിന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍റെ നോട്ടീസ്


ഗോരഖ്പൂരില്‍ ഇന്ന് മൂന്ന് കുട്ടികള്‍ കൂടി മരിച്ചു. ഇതോടെ ഒരാഴ്ചക്കിടെ മരിച്ച കുട്ടികളുടെ എണ്ണം 74 ആയി. മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന കുട്ടികളാണ് മരിച്ചത്. അതിനിടെ കുട്ടികള്‍ മരിച്ച സംഭത്തില്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാരിന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചു. നാലാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം.


ഓക്‌സിജന്‍ വിതരണത്തില്‍ തടസം നേരിട്ടതിനെ തുടര്‍ന്നാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ 48 മണിക്കൂറിനുളളില്‍ പിഞ്ചുകുട്ടികള്‍ ഒന്നൊന്നായി മരണമടഞ്ഞത്. ഓക്‌സിജന്‍ വിതരണവുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതരും വിതരണകമ്പനിയും എഴുതിയ കത്തുകളും ഇന്നലെ പുറത്തുവന്നിരുന്നു. തുടര്‍ന്ന് ആശുപത്രിയിലേക്ക് നിരവധി ഓക്സിജന്‍ സിലിണ്ടറുകള്‍ ഇന്നലെ എത്തിച്ചിരുന്നു. എങ്കിലും ഗുരുതരാവസ്ഥയിലായ കുട്ടികളെ രക്ഷിക്കാന്‍ സാധിച്ചില്ലെന്നാണ് വിവരം.


അതേസമയം ഓക്‌സിജന്‍ ലഭ്യതക്കുറവ് മൂലം ആരും മരിച്ചിട്ടില്ലെന്നാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കിയത്. കൂടാതെ ബിആര്‍ഡി മെഡിക്കല്‍ കോളെജ് പ്രിന്‍സിപ്പലിനെയും ശിശുരോഗ വിദഗ്ദന്‍ ഡോ കഫീല്‍ അഹമ്മദിനെയും സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട് സര്‍ക്കാര്‍. കൂട്ടമരണത്തിന് കാരണം മസ്തിഷ്‌ക ജ്വരം ഉള്‍പ്പെടെയുളള അസുഖങ്ങളാണെന്നാണ് ആശുപത്രി അധികൃതരുടെയും സര്‍ക്കാരിന്റെയും വാദം.



Sharing is Caring