കൊച്ചി മെട്രോയുടെ ഭാഗമായി തയാറാക്കിയ സൗരോർജ വൈദ്യുതി പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിര്‍വഹിക്കും. രാവിലെ 11.30ന് ആലുവ മെട്രോ സ്റ്റേഷനിലാണ് ഉദ്ഘാടന ചടങ്ങ്. മുട്ടം യാർഡിലെ ഓപറേഷനൽ കൺട്രോൾ സെന്ററും അദ്ദേഹം സന്ദർശിക്കും.രാജ്യത്തെ മറ്റുമെട്രോ പദ്ധതികളില്‍ നിന്നും ഏറെ വ്യത്യസ്തതയുമായി എത്തുന്ന കൊച്ചി മെട്രോയുടെ പ്രധാന പ്രത്യേകതകളിലൊന്നാണ് സോളാർ പദ്ധതി. ആദ്യഘട്ടത്തില്‍ സര്‍വീസ് തുടങ്ങുന്ന 11 സ്‌റ്റേഷനുകളിലെ മേല്‍ക്കൂരകളിലും മുട്ടം യാര്‍ഡ് കെട്ടിടത്തിലുമാണ് സോളാര്‍ പാനലുകള്‍ സ്ഥാപിച്ചിട്ടുള്ളത്. നിലവിലെ സോളാര്‍ പാനലുകളില്‍നിന്ന് ഏകദേശം 2.4 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാൻ കഴിയും. പദ്ധതിയുടെ രണ്ടാംഘട്ടം മൂന്നുമാസത്തിനകം തുടങ്ങും.













