2 ലക്ഷമോ അതിലധികമോ പണമായി കൈമാറ്റം ചെയ്താല്‍ തുല്യ പിഴ


പണമിടപാടുകള്‍ക്ക് കര്‍ക്കശ നിയന്ത്രണവുമായി കേന്ദ്ര ആദായ നികുതി വകുപ്പ്. 2 ലക്ഷം രൂപയോ അതിനു മുകളിലോ നോട്ടുകള്‍ കൈമാറുന്നതിന് ഇനിമുതല്‍ തുല്യ സംഖ്യ പിഴ അടയ്‌ക്കേണ്ടി വരുമെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കി. തുക കൈപ്പറ്റുന്ന ആളില്‍ നിന്നുമായിരിക്കും പിഴയീടാക്കുക എന്നും അറിയിപ്പില്‍ പറയുന്നു. ലക്ഷക്കണക്കിന് രൂപയുടെ പണം കൈമാറ്റം ചെയ്യുന്നതായുള്ള വിവരങ്ങള്‍ ലഭ്യമായാല്‍ അതിനെക്കുറിച്ച് ആദായ നികുതി വകുപ്പിനെ ഇമെയിലിലൂടെ അറിയിക്കണമെന്നും ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
2017 ഏപ്രില്‍ 1 മുതല്‍ 2 ലക്ഷം രൂപയോ അതിനു മുകളിലോ ഉള്ള നോട്ട് ഇടപാടുകള്‍ ഫൈനാന്‍സ് ആക്ട് 2017 വഴി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഇന്‍കം ടാക്‌സ് ആക്ടില്‍ പുതുതായി ചേര്‍ക്കപ്പെട്ട സെക്ഷന്‍ 269 എസ്ടി പ്രകാരം ഇടപാടുകള്‍ ഒരു വ്യക്തിക്കായോ പ്രത്യേക ഇടപാടിനായോ ഒരു ദിവസം കൈമാറ്റം ചെയ്യുന്നതാണ് നിരോധിച്ചിരിക്കുന്നത്. അതേസമയം പ്രസ്തുത നിരോധനം സര്‍ക്കാര്‍ പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് ബാങ്ക്, സഹകരണ ബാങ്കുകള്‍, ബാങ്കിംഗ് കമ്പനികള്‍ എന്നിവക്ക് ബാധകമല്ല. 2017-18 ബജറ്റില്‍ ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി 3 ലക്ഷം രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകള്‍ നിരോധിക്കണമെന്ന് നിര്‍ദ്ദേശം വെച്ചിരുന്നു. എന്നാല്‍ ലോക്‌സഭ ധനകാര്യ ബില്‍ പാസാക്കിയപ്പോള്‍ അത് 2 ലക്ഷം രൂപയാക്കി ഭേദഗതി ചെയ്യുകയായിരുന്നു.




Sharing is Caring