പൊതുമരാമത്ത് വകുപ്പിലെ അഴിമതിയുമായി ബന്ധപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ മൂന്ന് എഫ്.ഐ.ആറുകള്‍ ഫയല്‍ ചെയ്തു. ഡല്‍ഹി അഴിമതിവിരുദ്ധ വിഭാഗത്തോട് കേസിന്റെ സ്ഥിതിവിവര റിപ്പോര്‍ട്ട് ജൂണ്‍ 8ന് സമര്‍പ്പിക്കണമെന്ന് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് അഭിലാഷ് മല്‍ഹോത്ര ആന്റി കറപ്ഷന്‍ ബ്യൂറോ അസിസ്റ്റന്റ് കമ്മീഷണറോട് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പരാതി നല്‍കിയ രാഹുല്‍ ശര്‍മ്മക്കുള്ള ഭീഷണിയെക്കുറിച്ചും കോടതിയെ അറിയിക്കണമെന്നും ഉത്തരവിട്ടു.
ഡല്‍ഹിയിലെ റോഡുകളുടെയും അഴുക്കുചാലുകളുടെയും നിര്‍മ്മാണത്തിനായി കരാര്‍ നല്‍കിയതില്‍ 10 കോടിയുടെ ക്രമക്കേട് നടന്നുവെന്ന് റോഡ്‌സ് ആന്റി കറപ്ഷന്‍ ഓര്‍ഗനൈസേഷന്റെ സ്ഥാപകനായ രാഹുല്‍ ശര്‍മ്മ പരാതിപ്പെട്ടിരുന്നു. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും ബന്ധു എസ്.കെ ബന്‍സാളിനുമുള്ള പങ്ക് അന്വേഷിക്കണമെന്നും ശര്‍മ്മ ആവശ്യപ്പെട്ടിരുന്നു. കെജ്‌രിവാളിന്റെ ബന്ധുവായ ബന്‍സാള്‍ ഈയിടെ മരണപ്പെട്ടിരുന്നു.













