കൈക്കൂലി കേസില്‍ ടിടിവി ദിനകരന് ജാമ്യം; ഇന്ന് ചെന്നൈയില്‍


പാര്‍ട്ടി ഛിഹ്നത്തിനായി തിരഞ്ഞെടുപ്പ് കമ്മീഷന് കൈക്കൂലി വാഗ്ദാനം ചെയ്ത കേസില്‍ ജാമ്യം ലഭിച്ച ടിടിവി ദിനകരന്‍ ചെന്നൈയില്‍ തിരിച്ചെത്തി. കഴിഞ്ഞ ദിവസമാണ് ദിനകരനും സഹായി മല്ലികാര്‍ജുനക്കും ജാമ്യം ലഭിച്ചത്.


ജയലളിത മരിച്ചതിനെതുടര്‍ന്ന് ആര്‍കെ നഗര്‍ മണ്ഡലത്തില്‍ എഐഎഡിഎംകെ ശശികല പക്ഷത്തെ സ്ഥാനാര്‍ഥിയായിരുന്ന ദിനകരന്‍ പാര്‍ട്ടി ചിഹ്നമായ രണ്ടില ലഭിക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥന് കൈക്കൂലി വാഗ്ദാനം ചെയ്തുവെന്ന കേസിലായിരുന്നു അറസ്റ്റ്. അഞ്ച് ലക്ഷം രൂപയുടെ സ്വന്തം പേരിലാണ് ഇരുവര്‍ക്കും ജാമ്യം അനുവദിച്ചിരിക്കുന്നത്.


തെരഞ്ഞെടുപ്പ് കമ്മീഷനെ സ്വാധീനിച്ച്‌ രണ്ടില ചിഹ്നം നേടിയെടുത്താല്‍ 60 കോടി നല്‍കാമെന്നായിരുന്നു വാഗ്ദാനം. ഇതേത്തുടര്‍ന്ന് മലയാളിയായ സുകേഷ് ചന്ദ്രശേഖരന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ദിനകരന്‍റെ അറസ്റ്റ്.

സംഭവം വിവാദമായതിനെ തുടര്‍ന്ന് ആര്‍കെ നഗര്‍ തിരഞ്ഞെടുപ്പും കമ്മീഷന്‍ റദ്ദാക്കിയിരുന്നു. മണ്ഡലത്തില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പാര്‍ട്ടികള്‍ പണം നല്‍കിയെന്ന ആരോപണം കൂടി ഉയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു റദ്ദാക്കല്‍. ഏപ്രില്‍ 25നാണ് ദിനകരന്‍ അറസ്റ്റിലായത്. പിന്നീട് അദ്ദേഹത്തെ ദില്ലി കോടതി റിമാന്‍റ് ചെയ്യുകയായിരുന്നു.



Sharing is Caring