ഉത്തര്‍പ്രദേശ് സ്കൂളുകളില്‍ ആധാര്‍കാര്‍ഡ് നിര്‍ബ്ബന്ധമാകുന്നു ; കാര്‍ഡില്ലെങ്കില്‍ കുട്ടികള്‍ക്ക് ഉച്ചക്കഞ്ഞി നല്‍കില്ല…!!

മാനവശേഷി മന്ത്രാലയം ഉച്ചക്കഞ്ഞിക്ക് ആധാര്‍ കാര്‍ഡ് നിര്‍ബ്ബന്ധമാക്കി മൂന്ന് മാസം കഴിയും മുന്പ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അത് ഏറ്റെടുക്കുന്നു. ഇനി ആധാറുള്ള കുട്ടികള്‍ക്ക് മാത്രം ഉച്ചക്കഞ്ഞി വിതരണം ചെയ്താല്‍ മതിയെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് നിര്‍ദേശം നല്‍കി. ഉച്ചക്കഞ്ഞി ആനുകൂല്യം അനധികൃതമായി തട്ടിയെടുക്കുന്ന അഴിമതി അവസാനിപ്പിക്കാനാണ് നിര്‍ദേശമെന്നാണ് ന്യായീകരണം.!! എന്നാല്‍ തീരുമാനത്തിനെതിരേ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം രംഗത്ത് വന്നിട്ടുണ്ട്. ക്ഷേമ പദ്ധതികള്‍ക്ക് പണം ചെലവഴിക്കുന്നതില്‍ നിന്നും പിന്മാറാനുള്ള തന്ത്രമെന്നാണ് ആക്ഷേപം.

ജൂണ്‍ 30 വരെയാണ് കുട്ടികളുടെ ആധാര്‍ വിവരം സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ സ്കൂളുകള്‍ക്ക് അവസരം നല്‍കിയിരിക്കുന്നത്. അതിന് ശേഷം ആധാര്‍ ഇല്ലാത്ത കുട്ടികള്‍ക്ക് സൗജന്യ ഉച്ചക്കഞ്ഞി നല്‍കേണ്ടതില്ല എന്നാണ് നിര്‍ദേശം. അതേസമയം അനേകം കുട്ടികളെ പട്ടിണിക്കിടാന്‍ പോന്ന തീരുമാനത്തിനെതിരേ നാനാ കോണില്‍ നിന്നും വിമര്‍ശനം ശക്തമായി ഉയരുന്നുണ്ട്. അടുത്ത മാസം വരെ സര്‍ക്കാര്‍ സ്കൂളുകളില്‍ അവധിയാണെന്നിരിക്കെ സര്‍ക്കാരിന്‍റെ തീരുമാനം ആശയക്കുഴപ്പം ഉണ്ടാക്കുമെന്നാണ് ഒരു വിലയിരുത്തല്‍. ആധാര്‍ നല്‍കുന്ന ബയോമെട്രിക് സംവിധാനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാതെ പൊതു വിതരണ സംവിധാനം തന്നെ കുഴപ്പം നേരിടുന്പോള്‍ എങ്ങിനെ കുട്ടികള്‍ക്ക് ആധാര്‍ കിട്ടുമെന്നും ഇവര്‍ ചോദിച്ചു.

സാമൂഹ്യ ക്ഷേമ പദ്ധതികള്‍ക്കുള്ള നീക്കിയിരിക്ക് ബഡ്ജറ്റില്‍ വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കമെന്നാണ് തീരുമാനത്തില്‍ യോഗി ആദിത്യനാഥിനെതിരേ പ്രതിപക്ഷം ഉയര്‍ത്തിയിരിക്കുന്ന വിമര്‍ശനം. ക്ഷേമ പദ്ധതികള്‍ക്കായി ബിജെപി സര്‍ക്കാര്‍ കൂടുതല്‍ കൂടുതല്‍ നിബന്ധനകള്‍ കൊണ്ടുവരികയാണെന്നും മതിയായ രേഖകള്‍ ഇല്ലെന്ന പേരില്‍ ദരിദ്രരില്‍ ദരിരദരരായ നാട്ടുകാരില്‍ നിന്നും ക്ഷേമങ്ങള്‍ എടുത്തുകൊണ്ടുപോകുകയാണെന്നും സമാജ്വാദി പാര്‍ട്ടി വിമര്‍ശിച്ചു. കാമധേനു, വിവിധ ക്ഷേമപെന്‍ഷനുകള്‍ തുടങ്ങി കഴിഞ്ഞ സര്‍ക്കാര്‍ ജനങ്ങള്‍ക്കായി മുന്നോട്ട് വെച്ച പദ്ധതികളെല്ലാം യോഗി സര്‍ക്കാര്‍ ഇല്ലാതാക്കുകയാണെന്നും പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *