ഭോപ്പാലിൽ നടന്ന ദേശീയ ജൂനിയര്‍ സ്കൂള്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിൽ കേരളത്തിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ് കിരീടം നിഷേധിച്ചു. ഗെയിംസ് ഇനങ്ങളായ ഹുപ്ക്വോന്ഡോയിലെയും സ്ക്വെയ് മാര്‍ഷ്യല്‍ ആര്ടിലെയും പോയിന്റുകള്‍ ഒരുമിച്ചുചേര്‍ത്ത് മധ്യപ്രദേശിന് ഓവറോള്‍ കിരീടം നല്കി. കേരളം ഇതില്‍ ശക്തമായി പ്രതിഷേധിച്ചു. മധ്യപ്രദേശിന് ആകെ 13 പോയിന്റാണ് അത്ലറ്റിക്സില്‍നിന്ന് കിട്ടിയത്. 13-ാമതുമാണ് അവര്‍. ഗെയിംസിനങ്ങളിലെ പോയിന്റ് പട്ടിക അധികൃതര്‍ ലഭ്യമാക്കിയിട്ടില്ല.
ആദ്യമായാണ് അത്ലറ്റിക്സിലെ അതതു പ്രായവിഭാഗത്തിലെ ഓവറോള്‍ കിരീടം ജേതാക്കള്‍ക്ക് നല്‍കാതിരിക്കുന്നത്. മൂന്നായി വിഭജിച്ചശേഷം വഡോദരയില്‍ നടന്ന ആദ്യ അണ്ടര്‍ 17 അത്ലറ്റിക് മീറ്റില്‍ ചാമ്പ്യന്മാരായ കേരളത്തിന് കഴിഞ്ഞപതിപ്പില്‍ ഓവറോള്‍ കിരീടം നല്‍കിയിരുന്നു. വഡോദരയില്‍ 12 സ്വര്‍ണവും ഏഴു വെള്ളിയും അഞ്ച് വെങ്കലവും നേടി പോയിന്റ് നിലയില്‍ കേരളം ഏറെ മുന്നിലായിരുന്നു. ഇക്കുറി 13 സ്വര്‍ണവും ഒമ്പത് വെള്ളിയും നാല് വെങ്കലവുമടക്കം 116 പോയിന്റോടെയാണ് കേരളം അത്ലറ്റിക്സില് മുന്നിലെത്തിയത്. രണ്ടാംസ്ഥാനത്തെത്തിയ തമിഴ്നാടിന് 41 പോയിന്റ്മാത്രമാണുണ്ടായത്.അത്ലറ്റിക്സില് ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ചാമ്പ്യന്‍ഷിപ് കേരളത്തിന് നല്‍കിയെങ്കിലും ഓവറോള്‍ നിഷേധിക്കുകയായിരുന്നു അധികൃതര്‍.














