ഗര്‍ഭനിരോധന ഉറകള്‍ സൗജന്യം ; ഓണ്‍ലൈനായി ഇന്ത്യക്കാര്‍ വാങ്ങിയത് 10 ലക്ഷം കോണ്ടം


ഓണ്‍ലൈന്‍ സൈറ്റില്‍ സൗജന്യമായി കോണ്ടം വില്‍പനയ്ക്ക് വച്ചപ്പോള്‍ ഇന്ത്യക്കാര്‍ വാങ്ങി കൂട്ടിയത് 10 ലക്ഷം കോണ്ടങ്ങള്‍,അതും രണ്ടു മാസം കൊണ്ട്. ഗര്‍ഭ നിരോധന ഉറകളുടെ ആവശ്യകത ജനങ്ങളില്‍ എത്തിക്കുക എന്ന ഉദ്ദേശത്തോടെ ഏപ്രില്‍ 28നാണ് എയ്ഡ്‌സ് ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ഓണ്‍ലൈനായി വില്‍പന തുടങ്ങിയത്. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ലാറ്റക്‌സുമായി ചേര്‍ന്നായിരുന്നു ഇത്.


സുരക്ഷിതമായ ലൈംഗിക ബന്ധം എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി നിരവധി ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ടെങ്കിലും, അപ്പോഴൊന്നുമില്ലാത്ത സ്വീകാര്യതയാണ് ഗര്‍ഭനിരോധന ഉറകള്‍ക്ക് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.ഗര്‍ഭ നിരോധന ഉറകളുടെ പ്രാധാന്യത്തെ പറ്റി ജനങ്ങള്‍ക്കിടയില്‍ ഒരു ബോധവല്‍ക്കരണം എന്ന നിലയിലാണ് തങ്ങള്‍ പ്രവര്‍ത്തനം തുടങ്ങിയതെന്ന് എയ്ഡ്‌സ് ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍ ഇന്ത്യാ മേധാവി ഡോ.സാം പ്രസാദ് പറഞ്ഞു. ‘എന്നാല്‍ വില്‍പന തുടങ്ങി ദിവസങ്ങള്‍ക്കകം അഭൂതപൂര്‍വമായ പ്രതികരമാണ് ജനങ്ങളില്‍ നിന്നും ലഭിച്ചത്. അഞ്ച് ലക്ഷത്തിലധികം ഓര്‍ഡറുകള്‍ എന്‍.ജി.ഒകളില്‍ നിന്നും നാലര ലക്ഷം ഓര്‍ഡറുകള്‍ വ്യക്തികളില്‍ നിന്നും ലഭിച്ചു. കര്‍ണാടക, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നായിരുന്നു കൂടുതല്‍ ഓര്‍ഡറുകള്‍’- സാം വ്യക്തമാക്കി.




Sharing is Caring