ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകൻ അനിൽ കുംബ്ലെയുമായി തനിക്ക് ഭിന്നതകളുണ്ടെന്ന വാർത്തകളെ തള്ളി ക്യാപ്റ്റൻ വിരാട് കൊഹ്ലി രംഗത്തെത്തി. പരിശീലകനെന്ന നിലയിൽ കുംബ്ലെയുമായി തനിക്ക് പ്രശ്നങ്ങളൊന്നുമില്ലെന്നും ചിലയാളുകൾ വെറുതെ പ്രശ്നങ്ങളുണ്ടാക്കുകയാണെന്നും ഇംഗ്ലണ്ടിലെ ബിർമിൻഹാമിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ കൊഹ്ലി പറഞ്ഞു. ഐ.സി.സി ചാമ്പ്യൻസ് ട്രോഫിയിൽ നാളെ പാകിസ്ഥാനുമായി നിർണായക മത്സരം കളിക്കാനിരിക്കെയാണ് കൊഹ്ലിയുടെ തുറന്നുപറച്ചിൽ.
ചിലയാളുകൾ അവരുടെ ജീവിത മാർഗം കണ്ടെത്തുന്നത് തന്നെ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാക്കിക്കൊണ്ടാണെന്ന് കൊഹ്ലി ആരോപിച്ചു. കുംബ്ലെയോടൊപ്പം ജോലി ചെയ്യുന്നത് വളരെ നല്ല അനുഭവമായിരുന്നു. ഇത്തരം അഭ്യൂഹങ്ങൾക്ക് വേണ്ടി ചിന്തിച്ച് സമയം കളയാൻ താനില്ലെന്നും ടീം ഇന്ത്യയിൽ ഒരു പ്രശ്നങ്ങളുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഏതൊരു ഡ്രസിംഗ് റൂമിലും ഉണ്ടാകുന്ന ചില ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ മാത്രമാണ് ഇന്ത്യൻ ക്യാംപിലും ഉള്ളത്. ഇന്ത്യയിലെ ആൾക്കാർക്ക് ക്ഷമ കുറവാണ്. എന്നാൽ ഊഹാപോഹങ്ങൾ ഉണ്ടാക്കാൻ മിടുക്കരുമാണ്. ഇപ്പോൾ ശ്രദ്ധ ചാമ്പ്യൻസ് ട്രോഫിയിൽ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

ചാമ്പ്യൻസ് ട്രോഫി കളിക്കാൻ ഇംഗ്ലണ്ടിലുള്ള ഇന്ത്യൻ ടീം ക്യാപ്റ്റൻ വിരാട് കൊഹ്ലിയും കോച്ച് അനിൽ കുംബ്ലെയും തമ്മിൽ സ്വരച്ചേർച്ചയിൽ അല്ലെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. പ്രശ്നങ്ങൾ പരിഹരിക്കാൻ മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി ടീം അംഗങ്ങളെ കണ്ടേക്കുമെന്നും പരിശീലക സ്ഥാനത്ത് കുംബ്ലെ തുടർന്നേക്കില്ലെന്നും വാർത്തകളുണ്ടായിരുന്നു. ഇതിനിടയിലാണ് ആരോപണങ്ങൾ തള്ളി കോഹ്ലി തന്നെ രംഗത്തെത്തിയത്.













