അധികാര ദുർവിനിയോഗം ആരോപിച്ച് പൊലീസ് മേധാവി ടി.പി.സെൻകുമാറിനെതിരെ ആരോപിക്കപ്പെട്ട പരാതികളിൽ തെളിവില്ലെന്ന് വിജിലൻസ് കോട്ടയം വിജിലൻസ് കോടതിയെ അറിയിച്ചു. സെൻകുമാറിനെതിരായ പരാതികൾ നേരത്തെ അന്വേഷിച്ചതാണെന്നും കേസെടുക്കാൻ പര്യാപ്തമായ തെളിവുകൾ ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്നും വിജിലൻസ് വ്യക്തമാക്കി. തിരുവനന്തപുരം സ്വദേശി ബാബുരാജ് ആണ് ഹർജി സമർപ്പിച്ചത്.
കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടറായിരിക്കെ 2010-11 കാലഘട്ടത്തിൽ ചട്ടങ്ങൾ മറികടന്ന് ലോൺ നൽകി, തിരുവനന്തപുരം ശ്രീകാര്യത്തെ ഒരു സ്ഥാപനത്തിനു നൽകിയ വായ്‌പയിൽ തിരിച്ചടവ് മുടങ്ങിയത്, ഇന്റലിജൻസ് മേധാവിയായിരിക്കെ ആർ.ബി.ഐ നൽകിയ പരാതിയിൽ തുടരന്വേഷണം നടത്താതെ അവഗണിച്ചത്, കണിച്ചുകുളങ്ങര കൊലപാതക കേസിലെ പ്രതികളുടെ സ്വത്ത് കണ്ടെത്തി അവ ഇടപാടുകാർക്ക് നൽകുന്നതിൽ വീഴ്ച വരുത്തി, ലിസ് ധനകാര്യസ്ഥാപനത്തിനെതിരെയുള്ള അന്വേഷണത്തിലെ ക്രമക്കേടുകൾ, ആന്റോ എന്നയാളുമായി ബന്ധപ്പെട്ട റവന്യു റിക്കവറിക്ക് കോടതിയുടെ സ്റ്റേ ഉത്തരവു നിൽക്കെ റിക്കവറി നടത്തി തുടങ്ങി ആറ് പരാതികളാണ് സെൻകുമാറിനെ ഉണ്ടായിരുന്നത്. കണിച്ചുകുളങ്ങര സംഭവത്തിൽ അന്നത്തെ സോണൽ ഐ.ജിയായിരുന്ന സെൻകുമാർ കേസ് സമർത്ഥമായി അന്വേഷിച്ചെങ്കിലും സ്വത്ത് കണ്ടെത്തുന്നതിൽ വീഴ്ച വരുത്തിയത് ചൂണ്ടിക്കാട്ടി ആക്ഷൻ കൗൺസിൽ നേതാവായ ഹക്കീം 2016ലാണ് പരാതി നൽകിയത്. കെ.എസ്.ആർ.ടി.സി എം.ഡി ആയിരിക്കെ തന്പാനൂർ ബസ് നിർമ്മാണവുമായി ബന്ധപ്പെട്ട് കരാറുകാരന് രണ്ടു വർഷം കൂടുതലായി നീട്ടിനൽകിയത് ചൂണ്ടിക്കാട്ടി പായിച്ചിറ നവാസാണ് പരാതി നൽകിയത്.














