ജമ്മു കാശ്മീര്‍ അതിര്‍ത്തിയില്‍ പാക് ഷെല്ലാക്രമണത്തില്‍ വീരമൃത്യു വരിച്ച മാവേലിക്കര തോപ്പില്‍ വീട്ടില്‍ സാം എബ്രഹാമിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപയും ഭാര്യയ്ക്ക് വിദ്യാഭ്യാസയോഗ്യതയ്ക്ക് അനുസൃതമായ ജോലിയും നല്‍കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ചെങ്ങന്നൂര്‍ എം.എല്‍.എയായിരുന്ന അഡ്വ. കെ.കെ. രാമചന്ദ്രന്‍ നായരുടെ മകന്‍ ആര്‍ പ്രശാന്തിന് വിദ്യാഭ്യാസയോഗ്യതയ്ക്ക് അനുസൃതമായ സര്‍ക്കാര്‍ ജോലി നല്‍കാനും തീരുമാനമായി. രാമചന്ദ്രന്‍ നായര്‍ സര്‍ക്കാര്‍ അംഗീകൃതസ്ഥാപനങ്ങളില്‍ നിന്നും എടുത്ത വായ്പയുടെ കുടിശ്ശിക തീര്‍ക്കുന്നതിനും സര്‍ക്കാര്‍ സഹായിക്കും. ഇതിന് വേണ്ട തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിക്കും.

അഞ്ച് പുതിയ റവന്യൂ ഡിവിഷന്‍
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്, തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുട, കോഴിക്കോട് ജില്ലയിലെ വടകര, കണ്ണൂര്‍ ജില്ലയിലെ തളിപറമ്ബ്, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ പുതിയ റവന്യൂ ഡിവിഷന്‍ ഓഫീസുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. ഇതിനുവേണ്ടി 120 പുതിയ തസ്തികകള്‍ സൃഷ്ടിക്കും.
പുതിയ തസ്തികകള്‍
ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി സപ്ലൈകോയില്‍ 313 തസ്തികകള്‍ സൃഷ്ടിക്കും. ഇതില്‍ 42 തസ്തികകള്‍ ഭക്ഷ്യപൊതുവിതരണവകുപ്പില്‍ നിന്ന് ഡെപ്യൂട്ടേഷന്‍ വഴി നിയമിക്കും. വൈപ്പിന്‍ സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ അഞ്ച് അനധ്യാപക തസ്തികകള്‍ സൃഷ്ടിക്കും. നിലമ്ബൂര്‍ സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ അധ്യാപകരുടെ എട്ട് തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
ഏകോപിത തദ്ദേശസ്വയംഭരണ വകുപ്പ്
തദ്ദേശസ്വയംഭരണ വകുപ്പിനു കീഴിലുളള പഞ്ചായത്ത്, ഗ്രാമവികസനം, നഗരകാര്യം, നഗര ഗ്രാമാസൂത്രണം, എഞ്ചിനീയറിംഗ് വിഭാഗം എന്നീ സര്‍വീസുകള്‍ ഏകോപിപ്പിച്ചുകൊണ്ട് തദ്ദേശസ്വയംഭരണ വകുപ്പ് എന്ന പേരില്‍ പൊതു സര്‍വീസ് രൂപീകരിക്കാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി എ. അജിത് കുമാറിന് അധിക ചുമതല നല്‍കി ഏകോപിത വകുപ്പിന്റെ പ്രിന്‍സിപ്പല്‍ ഡയറക്ടറായി നിയമിക്കാന്‍ തീരുമാനിച്ചു.
ദുരിതാശ്വാസം അപേക്ഷകരുടെ അക്കൗണ്ടിലേക്ക്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിക്കുന്ന പണം ട്രഷറിയില്‍നിന്ന് അപേക്ഷകരുടെ അക്കൗണ്ടിലേക്ക് മാറ്റുന്നതിന് നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു. തീപിടുത്ത കേസുകളില്‍ ഉണ്ടാകുന്ന നഷ്ടത്തിന് നിലവില്‍ അനുവദിക്കാവുന്ന പരമാവധി തുക പതിനായിരം രൂപയാണ്. ഇതില്‍ ആനുപാതികമായ വര്‍ദ്ധനവ് വരുത്താനും മന്ത്രിസഭ തീരുമാനിച്ചു.
മറ്റ് തീരുമാനങ്ങള്‍
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി നടപ്പാക്കുന്നതില്‍ സി.എ.ജി ചൂണ്ടിക്കാണിച്ച ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മീഷന്റെ കാലാവധി ആറു മാസത്തേക്ക് ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചു. പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടം അന്വേഷിക്കുന്ന ജസ്റ്റിസ് ഗോപിനാഥന്‍ കമ്മീഷന്റെ കാലാവധി ആറു മാസത്തേക്ക് ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചു.
ഹരിപ്പാട്ട് സ്വകാര്യപങ്കാളിത്തത്തോടെ പുതിയ മെഡിക്കല്‍ കോളേജ് ആരംഭിക്കുന്നതിന് രൂപീകരിച്ച കേരള മെഡിക്കല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്ബനിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. ഇത് നടപ്പാക്കുന്നതിന്, കമ്ബനിയുടെ ഓഹരി വിഹിതം 40 കോടിയില്‍ നിന്ന് 80 കോടി രൂപയായി വര്‍ദ്ധിപ്പിച്ചുകൊണ്ട് 2015 ഡിസംബറില്‍ എടുത്ത തീരുമാനം റദ്ദാക്കും. മെഡിക്കല്‍ കോളേജ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ക്രമക്കേടുകള്‍ ഉണ്ടെന്ന ആരോപണത്തെത്തുടര്‍ന്ന് വിജിലന്‍സ് അന്വേഷണം നടക്കുകയാണ്.
സംസ്ഥാന പിന്നാക്കവികസനകോര്‍പറേഷന് ദേശീയ പിന്നാക്കധനകാര്യവികസന കോര്‍പറേഷനില്‍ നിന്ന് വായ്പയെടുക്കുന്നതിന് അഞ്ച് വര്‍ഷത്തേക്ക് 100 കോടി രൂപയുടെ ഗ്യാരന്റീ അനുവദിക്കാന്‍ തീരുമാനിച്ചു. പൊലീസ് സേനയില്‍ ഇന്‍സ്പെക്ടറായി നിയമിതനായ ദേശീയ നീന്തല്‍ താരം സജന്‍ പ്രകാശിന് 2020ലെ ഒളിമ്ബിക്സില്‍ പങ്കെടുക്കുന്നതിനുളള പരിശീലനത്തിന് നിലവിലുളള ചട്ടങ്ങളില്‍ ഇളവ് നല്‍കി ശൂന്യവേതന അവധി നല്‍കാന്‍ തീരുമാനിച്ചു.
വിശാലകൊച്ചി വികസന അതോറിറ്റിയിലെ ജീവനക്കാര്‍ക്ക് പത്താം ശമ്ബള പരിഷ്കരണ ഉത്തരവ് പ്രകാരമുളള ആനുകൂല്യങ്ങള്‍ അനുവദിക്കാന്‍ തീരുമാനമായി.













