കാമുകന്റെ ലിംഗം മുറിച്ച സംഭവം: യുവതി പിടിയില്‍


വിവാഹത്തിന് തയ്യാറാകാത്തതിന്റെ പേരില്‍ കാമുകന്റെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ 23 കാരിയായ കാമുകിയെ പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ മംഗോള്‍പുരിയില്‍ ബുധനാഴ്ച രാത്രിയായിരുന്നു അക്രമം നടന്നത്. സംഭവ ശേഷം ഒളിവിലായ യുവതിയെ ഞായറാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ വീട്ടില്‍ നിന്നും അക്രമിക്കാന്‍ ഉപയോഗിച്ച കത്തിയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
മംഗോള്‍പുരിയിലെ തെരുവ് കച്ചവടക്കാരനായ രവി(35) ആയിരുന്നു ബുധനാഴ്ച അക്രമത്തിനിരയായത്. നാല് വര്‍ഷമായി രവിയും യുവതിയും പ്രണയത്തിലായിരുന്നു. എന്നാല്‍ വിവാഹം കഴിക്കാന്‍ കഴിയില്ലെന്ന് രവി പറഞ്ഞതോടെ വീട്ടിലേക്ക് വിളിച്ച് വരുത്തി യുവതി ഇയാളെ ആക്രമിക്കുകയായിരുന്നു.
യുവതിയുടെ സഹോദരന്റെ ഭാര്യ ഫോണ്‍ ചെയ്തതനുസരിച്ചാണ് ഇവര്‍ താമസിക്കുന്ന ഫ്‌ളാറ്റില്‍ ബുധനാഴ്ച രാത്രി 11.30ന് ശേഷം രവി എത്തുന്നത്. വിവാഹത്തെച്ചൊല്ലി രവിയും യുവതിയും തമ്മില്‍ വാക്കേറ്റമുണ്ടായി. തന്നെ വിവാഹം കഴിക്കണമെന്ന ആവശ്യം യുവതി മുന്നോട്ടു വെച്ചെങ്കിലും വീട്ടുകാര്‍ സമ്മതിക്കുന്നില്ലെന്ന കാരണം പറഞ്ഞ് യുവാവ് നിഷേധിക്കുകയായിരുന്നു.
പിന്നീട് യുവതി യുവാവിനെ കുളിമുറിയിലേക്ക് തള്ളിയിട്ടെന്നും യുവാവിന്റെ വസ്ത്രമൂരി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചെന്നും പോലീസിന് കൊടുത്ത പരാതിയില്‍ യുവാവ് പറയുന്നു.
എന്നാല്‍ ഇത് നിഷേധിച്ചപ്പോള്‍ അടുക്കളയിലിരുന്ന കറിക്കത്തി കൊണ്ടു വന്ന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. എന്നിട്ടും സമ്മതം മൂളാതായപ്പോള്‍ ക്ഷുഭിതയായ യുവതി ലിംഗം ഛേദിക്കുകയായിരുന്നുവെന്ന് യുവാവ് പോലീസിന് കൊടുത്ത മൊഴിയില്‍ പറയുന്നു.
ഈ സമയം മുഴുവന്‍ യുവതിയുടെ സഹോദരനും ഭാര്യയും കൃത്യം ചെയ്യാന്‍ യുവതിക്ക് പ്രോത്സാഹനം നല്‍കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. രക്തം വാര്‍ന്നൊഴുകിയ യുവാവ് വീട്ടില്‍ നിന്ന് രക്ഷയ്ക്കായി പുറത്തേക്കോടിയപ്പോള്‍ അയല്‍വാസികളാണ് പോലീസിനെ വിവരം അറിയിച്ചത്. പോലീസ് എത്തിയപ്പോഴേക്കും യുവാവ് ബോധരഹിതനായിരുന്നു.




Sharing is Caring