കബഡി ലോകകപ്പിന് ഇന്നു തുടക്കം


ഇനി രണ്ടാഴ്ച കായിക ലോകം കബഡിയുടെ ആവേശത്തിമിര്‍പ്പിലേക്ക്. ലോകകപ്പ് കബഡി ചാമ്പ്യന്‍ഷിപ്പിന് ഇന്ന് അഹമ്മദാബാദില്‍ തുടക്കം. ഇന്ത്യയുള്‍പ്പെടെ 12 ടീമുകളാണ് ലോക കിരീടത്തിനായി പോരാടുക. അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെ ഒഴിവാക്കിയത് ചാമ്പ്യന്‍ഷിപ്പിന്റെ തിളക്കത്തിന് അല്‍പ്പം മങ്ങലേല്‍പ്പിക്കും.
കിരീട പ്രതീക്ഷയുള്ളത് ഇന്ത്യയ്ക്ക്. കടലാസിലും കളത്തിലും കരുത്തരാണ് ഇന്ത്യ.


പാക്കിസ്ഥാനില്ലാത്തത് കിരീട സാധ്യത വര്‍ധിപ്പിക്കുന്നു. ഇറാനാണ് രണ്ടാമത്തെ മികച്ച ടീം. ജപ്പാന്‍, ദക്ഷിണ കൊറിയ, ബംഗ്ലാദേശ് ടീമുകളും പ്രതീക്ഷയോടെ ചുവടുവെക്കുന്നു. അര്‍ജന്റീന, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, കെനിയ, പോളണ്ട്, തായ്‌ലന്‍ഡ്, യുഎസ്എ ടീമുകളും എത്തുന്നു. രണ്ടു ഗ്രൂപ്പുകളാക്കി തിരിച്ച് മത്സരം. ഇന്ത്യ, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, അര്‍ജന്റീന, ബംഗ്ലാദേശ്, ഇംഗ്ലണ്ട് ടീമുകള്‍ ഒരു ഗ്രൂപ്പില്‍.


പ്രൊ കബഡി ലീഗ് ഉയര്‍ത്തിയ തരംഗം ലോകകപ്പിലും നിലനിര്‍ത്താമെന്നാണ് അന്താരാഷ്ട്ര കബഡി ഫെഡറേഷന്റെയും ഇന്ത്യന്‍ ഫെഡറേഷന്റെയും പ്രതീക്ഷ. രാത്രി എട്ടിനും ഒമ്പതിനും രണ്ട് മത്സരങ്ങള്‍. സ്റ്റാര്‍ സ്‌പോര്‍ട്‌സ് തത്സമയം സംപ്രേക്ഷണം ചെയ്യും.



Sharing is Caring