കനത്ത മഴ: വടക്കന്‍ ജില്ലകളില്‍ ഉരുള്‍പൊട്ടല്‍; വയനാട് ഒറ്റപ്പെട്ടു


കനത്ത മഴയെ തുടര്‍ന്ന് വടക്കന്‍ ജില്ലകളിലെ മലയോരമേഖലകളില്‍ പലയിടത്തും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും. വയനാട് വൈത്തിരി പോലീസ് സ്റ്റേഷന് സമീപം ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് പോലീസ് സ്റ്റേഷന്‍ ഭാഗീകമായി തകര്‍ന്നു. സ്റ്റേഷനുള്ളില്‍ മണ്ണ് നിറഞ്ഞു കിടക്കുകയാണ്. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.


പോലീസ് സ്റ്റേഷന് സമീപമുള്ള ലക്ഷംവീട് കോളനിയില്‍ ഒരു സ്ത്രീ മണ്ണിനടിയില്‍പ്പെട്ടു. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. റോഡിലേക്ക് മണ്ണ് ഒലിച്ച്‌ എത്തിയതിനെ തുടര്‍ന്ന് കോഴിക്കോട്-മൈസൂര്‍ പാതയില്‍ വാഹന ഗതാഗതം പൂര്‍ണമായി തടസപ്പെട്ടിരിക്കുകയാണ്. നേരത്തേ, കുറ്റ്യാടി ചുരത്തില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടിരുന്നു.


കോഴിക്കോട് 12 സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടിയതായാണ് വിവരം. വനമേഖലകളിലാണ് ഉരുള്‍പൊട്ടലുണ്ടായത്. കണ്ണപ്പന്‍കുണ്ടില്‍ ഉരുള്‍പൊട്ടി ഒരു കുട്ടിയെ കാണാതാകുകയും ചെയ്തു. ഒരു കാര്‍ ഒലിച്ചുപോയതായും റിപ്പോര്‍ട്ടുണ്ട്.

മലപ്പുറം കാളികാവ് കരുവാരക്കുണ്ടിലും ഉരുള്‍പൊട്ടലുണ്ടായി. മഴ ശക്തമായതിനെ തുടര്‍ന്ന് ഇവിടങ്ങളില്‍നിന്നും നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുകയാണ്.



Sharing is Caring