കടകംപള്ളി ഭൂമി തട്ടിപ്പു കേസില്‍ സിബിഐ സലീംരാജിനെ ഒഴിവാക്കി കുറ്റപത്രം സമര്‍പ്പിച്ചു


കടകംപള്ളി ഭൂമി തട്ടിപ്പ് കേസില്‍ പ്രതി സ്ഥാനത്തുനിന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഗണ്‍മാന്‍ സലിം രാജിനെയും ഭാര്യ ഷംസാദിനെയും സിബിഐ ഒഴിവാക്കി. എഫ്ഐആര്‍ സമര്‍പ്പിക്കുമ്പോള്‍ 27 പ്രതികളാണുണ്ടായിരുന്നത്. സലിംരാജ് 21ാം പ്രതിയും ഭാര്യ ഷംഷാദ് 22ാം പ്രതിയുമായിരുന്നു .ഇപ്പോഴത് അഞ്ച് പ്രതികളാക്കി ചുരുക്കിയാണ് തിരുവനന്തപുരം സിബിഐ കോടതിയില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്.മുന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ വിദ്യോദയകുമാര്‍ അടക്കം അഞ്ചുപേരാണ് ഇപ്പോള്‍ പ്രതിപ്പട്ടികയില്‍. നിസാര്‍ അഹമ്മദ്, സുഹ്റാ ബീവി, മുഹമ്മദ് കാസിം, റുഖിയ ബീവി എന്നിവരാണ് മറ്റ് നാല് പ്രതികള്‍.തിരുവനന്തപുരം നഗരത്തില്‍ കടകംപള്ളി വില്ലേജ് പരിധിയില്‍ 18 സര്‍വേ നമ്പരുകളിലായുള്ള 44.5 ഏക്കര്‍ സ്ഥലം തട്ടിയെടുക്കാന്‍ ശ്രമിച്ചു എന്നതാണ് കടകംപള്ളി കേസ്. തണ്ടപ്പേര്‍ രജിസ്റ്റിലെ 10156 എന്ന പേജ് കീറിക്കളഞ്ഞ് 3587 എന്ന നമ്പരില്‍ പുതിയ തണ്ടപ്പേര് സൃഷ്ടിക്കുകയായിരുന്നു. ഒന്നര ഏക്കര്‍ സ്ഥലത്തിന് ഇരട്ടപ്പട്ടയം നല്‍കി പോക്കുവരവ് നടത്തിയതായും കണ്ടെത്തി. വ്യാജരേഖ ചമച്ചെന്നും ഒരേ വസ്തുവിന് ഇരട്ടപ്പട്ടയം നല്‍കിയെന്നും റവന്യൂ ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയെങ്കിലും സര്‍ക്കാര്‍ നടപടിയെടുത്തില്ല.


പതിനാല് കോടിയുടെ തട്ടിപ്പാണ് പ്രതികള്‍ നടത്തിയതെന്ന് അന്വേഷണത്തില്‍ സിബിഐ കണ്ടെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണില്‍ സലീംരാജ് ഉള്‍പ്പെടെയുള്ള പ്രതികളെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ഇവര്‍ പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങിയിരുന്നു.




Sharing is Caring