രജനികാന്ത് ആരാധകര്‍ ശ്വാസമടക്കി കാത്തിരിക്കുന്ന ‘കബാലി’ വെള്ളിയാഴ്ച തിയേറ്ററിലെത്തും. രാവിലെ എട്ടിന് തന്നെ തിയേറ്ററുകളില്‍ ഷോ തുടങ്ങും.ആറുഷോ വരെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും. സ്റ്റെല്മന്നന്റെ പുതിയ ചിത്രത്തെ ഉല്‍സവാന്തരീക്ഷത്തില്‍ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് ആരാധകര്‍. ലോകമെമ്പാടും റിലീസ് ചെയ്യുന്ന ചിത്രം കലക്ഷന്‍ റെക്കോഡുകള്‍ മറികടക്കുമെന്നാണ് പ്രവചനം.ഇന്ത്യയില്‍ മാത്രം നാലായിരത്തിലേറെ തിയേറ്ററുകളില്‍ റിലീസിംഗ് നടക്കും.
ചെന്നൈ, ബംഗളൂരു തുടങ്ങിയ മഹാനഗരങ്ങളില്‍ ചിത്രത്തിന്റെ റിലീസിനെ തുടര്‍ന്ന് വിവിധ കമ്പനികള്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പലയിടത്തും ആഴ്ചകള്‍ക്കു മുന്നേ ഓണ്‍ലൈന്‍ ബുക്കിങ് പൂര്‍ത്തിയായി. പ്രചരണാര്‍ഥം പുറത്തിറക്കിയ ടീസര്‍ സൂപ്പര്‍ഹിറ്റാണ്. യു ട്യൂബിന്റെ ചരിത്രത്തില്‍തന്നെ ഇടം പിടിച്ചതാണ് കബാലിയുടെ ടീസര്‍. എല്ലാ രംഗങ്ങളിലും രജനീകാന്തിന്റെ കബാലിശ്വരന്‍ നിറഞ്ഞുനില്ക്കുന്ന ചിത്രത്തിലെ പാട്ടുകളും ഏറെ ഹിറ്റാണ്.

‘കബാലി’ കേരളത്തില്‍ വിതരണം ചെയ്യുന്നത് മോഹന്‍ലാലിന്റെ വിതരണ കമ്പനിയായ മാക്സ് ലാബാണ്. 7.5 കോടി രൂപയ്ക്കാണ് മാക്സ് ലാബ് സിനിമയുടെ വിതരണാവകാശം നേടിയത്. ‘ബാഹുബലി’, വിജയ് ചിത്രം ‘തെരി’ എന്നിവയുടെ കേരളവിതരണാവകാശത്തിന് നല്കിയതിനേക്കാള് കൂടിയ തുകയാണിത്.
ഒരു സിനിമയുടെ ച്രപാരണത്തിന് ആദ്യമായി വിമാനത്തെ കൂട്ടുപിടിച്ചതിന്റെ ക്രെഡിറ്റും കബാലിക്കാണ്. ചിത്രത്തിന്റെ ഒഫീഷ്യല്‍ എയര്‍ലൈന്‍ പാര്ട്ണര്കൂടിയായ എയര്‍ഏഷ്യ ഒരുവിമാനംതന്നെ കബാലിക്കായി ഒരുക്കി. രജനീകാന്തിന്റെ ചിത്രം പതിച്ച് ആകര്‍ഷകമായാണ് വിമാനം തയ്യാറാക്കിയത്. വിവിധ നഗരങ്ങളില്‍ സിനിമയുടെ പ്രചാരണത്തിനായി വിമാനം എത്തും.













